മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് സച്ചിന് നല്‍കിയത് കോടികള്‍; സീസണുകളില്‍ ടീമിന് നഷ്ടം നൂറ് കോടി

ഐഎസ്എല്‍ അധികൃതരെപോലും ഞെട്ടിച്ചുകൊണ്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിക്ഷേപം പിന്‍വലിക്കുകയാണെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സച്ചിന്‍ ഓഹരി വില്‍ക്കുകയാണെന്ന് പ്രാഖ്യാപിച്ചത്. ഇതോടെയാണ് ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. നാല് സീസണുകളിലായി 100 കോടിയോളം രൂപയാണ് ബ്ലാസ്‌റേറഴ്‌സിന്റെ നഷ്ടം. 33 കോടിയായിരുന്നു ആദ്യ സീസണില്‍ മഞ്ഞപ്പടയുടെ നഷ്ടം.

ടീമിന്റെ തുടക്കം എന്ന രീതിയിലാണ് അന്നത്തെ നഷ്ടത്തെ വിലയിരുത്തിയത്. രണ്ടാംവര്‍ഷം ഇത് 25-30 കോടിയായി കുറഞ്ഞു. മൂന്നാം സീസണില്‍ നഷ്ടം 20 കോടിയില്‍ താഴെയായി. കഴിഞ്ഞവര്‍ഷത്തെ കണക്ക് ക്ലബ് പുറത്തു വിട്ടില്ലെങ്കിലും 12-15 കോടി രൂപയ്ക്ക് ഇടയിലാണ് നഷ്ടമെന്നാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടങ്ങളുടെ കണക്കുകള്‍ക്കൊപ്പം മറ്റൊരു വിവരം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സച്ചിന് വേണ്ടി മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് കോടികള്‍ നല്‍കിയിരുന്നുവെന്നാണ് വിവരം. 20 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നപ്പോള്‍ തന്നെ സച്ചിനുവേണ്ടി ബ്ലാസ്‌റ്റേഴ്‌സ് ഓരോ മത്സരത്തിനും ഒരു കോടി രൂപ വച്ച് നല്‍കിയിരുന്നു. സച്ചിന്‍ കൊച്ചിയില്‍ എത്തി കണ്ട മത്സരങ്ങള്‍ക്കാണ് പണം നല്‍കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക കായിക രംഗത്ത് സാധാരണയാണ് ഇത്തരം കാര്യങ്ങള്‍. സച്ചിനെ പോലെ വലിയൊരു സെലിബ്രിറ്റി കളി കാണാനെത്തുമ്പോള്‍ അതിനനുസരിച്ച് ഗുണം ബ്ലാസ്‌റ്റേഴ്‌സിനും ലഭിക്കും. ഐഎസ്എല്ലിനെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നുണ്ട്. ക്ലബുകളൊന്നും തന്നെ ഇതുവരെ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്നാണ് പുതിയ വിവരം. ഈ വര്‍ഷത്തോടെ ചില ക്ലബുകളെങ്കിലും ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ 2022ല്‍ മാത്രമെ ബ്രേക് ഈവണ്‍ ആകാന്‍ സാധിക്കുകയുള്ളു. ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചതും അതിനനുസരിച്ച് വരുമാനം ലഭിക്കാത്തതുമാണ് ഇതിനു കാരണം. 2015ലാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്നായിരുന്നു ഓഹരി വാങ്ങിയത്. എന്നാല്‍ ഈ കഴിഞ്ഞ മെയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പിവിപി ഗ്രൂപ്പ് സിഇഒ പ്രകാശ് പോട്‌ലൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്. ഇതിന് ശേഷം ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും എത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പിവിപി ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്. പിവിപി ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ് ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക് എത്തിച്ചത്.

ഈ സീസണ്‍ കഴിയുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തില്‍ ആകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. എന്നാല്‍, സച്ചിന്‍ പടിയിറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിപണി മൂല്യത്തില്‍ വലിയ കുറവുണ്ടാകും. മറ്റു ടീമുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജോണ്‍ ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ എണ്ണം പോലും കുറയ്ക്കാന്‍ അവര്‍ തയാറായി. ഇത്തവണ വളരെ താമസിച്ചാണ് താരങ്ങളുമായി കരാര്‍ ഒപ്പിട്ടതും.

Top