സന്തോഷ് പണ്ഡിറ്റിന് ഇത്തവണത്തെ ഓണം അട്ടപ്പാടിയില്‍

അട്ടപാടിയിലെ പാവങ്ങള്‍ക്കൊപ്പമാണ് സന്തോഷ് പണ്ഡിറ്റ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. അട്ടപ്പാടിയില്‍ സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സന്തോഷ് പണ്ഡിറ്റ് ഊരുകളിലേക്ക് ഓണം ആഘോഷിക്കാനെത്തുന്നത്. നേരത്തെ അയിത്തവും ജാതിപീഡനവും നിലനില്‍ക്കുന്ന പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി ചിത്രത്തില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ ഒരു പങ്ക് സേവന പ്രവര്‍ത്തനത്തിനായി പണ്ഡിറ്റ് ചെലവഴിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ ഫീസും പഠനോപകരണങ്ങളും കൈമാറിയാണ് പണ്ഡിറ്റ് ഗോവിന്ദാപുരത്ത് നിന്ന് മടങ്ങിയത്.
വേതന വര്‍ധനവിനായി സമരം ചെയ്ത നഴ്‌സുമാരുടെ സമരപ്പന്തലലിലും സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം അട്ടപ്പാടിയില്‍ എത്തുന്നത്. പാലക്കാടുള്ള വിവേകാനന്ദ മെഡിക്കല്‍ മിഷനുമായി സഹകരിച്ചാണ് ചെറുസഹായങ്ങള്‍ ചെയ്യുന്നതിനായി അട്ടപ്പാടിയിലെ ഊരുകളില്‍ അടുത്ത രണ്ട് ദിവസങ്ങളിലായി എത്തുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.സിനിമയില്‍ നിന്ന് തനിക്ക് വലിയ പ്രതിഫലമോ ലാഭമോ ഒന്നും ലഭിക്കുന്നില്ല. എന്നാല്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനും മറ്റ് പലര്‍ക്കും അതിലൂടെ പ്രചോദനം നല്‍കാനുമാണ് സോഷ്യല്‍ മീഡിയ വഴി ഓരോ കാര്യങ്ങളും അറിയിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Top