ഡല്‍ഹിയിലെ വിരേദ്ര ദേവ് ദീക്ഷിതിനെതിരായാണ് പുതിയ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.യുവതികളും പെണ്‍കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്വാമിയുടെ ആശ്രമത്തില്‍ പരിശോധന നടത്തി. കൂടുതലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ആശ്രമത്തില്‍ തടവിലാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
രോഹിണിയിലെ ആധ്യാത്മിക് വിശ്വവിദ്യാലയത്തിലാണ് പരിശോധന നടന്നത്. എന്നാല്‍, ആള്‍ദൈവമായ വിരേന്ദ്ര ദേവ് ദീക്ഷിതിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് രാജ്യത്തിന്റെ പലഭാഗത്തും ആശ്രമങ്ങളും സ്ഥാപനങ്ങളും അനുയായികളുമുണ്ട്. രക്ഷിതാക്കളുടെ ഹര്‍ജികള്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി റെയ്ഡിന് ഉത്തരവിട്ടത്. അന്വേഷണം സിബി ഐ യ്ക്ക് കൈമാറിയ കോടതി ആശ്രമത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ദൈവത്തിന്റെ പേരില്‍ വൃത്തികേടുകളാണ് നടക്കുന്നതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.പൊലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരം ചോര്‍ന്നുകിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ മുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. ആശ്രമത്തിലെ സുരക്ഷാ ഗാര്‍ഡിനെയും വനിതയെയും കസ്റ്റഡിയിലെടുത്ത പൊലീസ് നിരവധി വസ്തുക്കളും കണ്ടെടുത്തു. സമ്പന്നരുമായും രാഷ്ട്രീയരംഗത്തെ ഉന്നതരുമായും അടുത്ത ബന്ധം ഇയാള്‍ക്കുണ്ട്.
14 വയസുമാത്രം പ്രായമുള്ള തന്റെ മകളുടെ പഠനം ആശ്രമം തകര്‍ത്തതായി റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. ആശ്രമം വിട്ട പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പിന്നീട് കണ്ടെത്തിയത്. ഇടുങ്ങിയ മുറികളും നിരവധി ഗേറ്റുകളും രഹസ്യഅറകളും അപകടംപിടിച്ച ഗോവണിപ്പടികളുമുള്ളതാണ് ആശ്രമം. ഇവിടെനിന്ന് ഒരാള്‍ക്ക് ആശ്രമ അധികൃതരുടെ അനുവാദമില്ലാതെ രക്ഷപ്പെടാന്‍ കഴിയില്ല. അഞ്ചിലധികം പെണ്‍കുട്ടികള്‍ ആശ്രമത്തില്‍ ആത്മഹത്യ ചെയ്തിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. പെണ്‍കുട്ടികളെ ധ്യാനത്തിന്റെ പേരുപറഞ്ഞ് മുറിയില്‍ പൂട്ടിയിട്ട് സ്വാമിയും അനുചരന്‍മാരും ലൈംഗീകമായി പീഡിപ്പിക്കുകയായാണെന്നാണ് രക്ഷിതാക്കാള്‍ പരാതിപ്പെടുന്നത്.


