അനാശാസ്യത്തിന് പിടിക്കപ്പെട്ടപ്പോൾ പക !! കുഞ്ഞിനെ തട്ടിയെടുത്ത് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ഷൈലയ്ക്ക് ജീവപര്യന്തം കഠിന തടവ്

തൃശൂർ: നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിൻ്റെ അമ്മയുടെ പിതൃസഹോദരിയെ ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ഒല്ലൂർ പി.ആർ പടി വാലിപ്പറമ്പൻ വീട്ടിൽ ഷൈലജയെ(ഷൈല- 50) ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് ശിക്ഷിച്ചത്.

പുതുക്കാട് പാഴായിയിൽ 2016 ഒക്ടോബർ 13നായിരുന്നു സംഭവം. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകൾ മേബയെയാണ് കൊലപ്പെടുത്തിയത്. നീഷ്മയുടെ വീട്ടുകാരോടുള്ള വിരോധത്താൽ നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ പാഴായി വീടിനടുത്തുള്ള മണലിപ്പുഴയുടെ കടവിലേക്കു കൂട്ടിക്കൊണ്ടു പോയി പുഴയിൽ എറിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മേബയുടെ അരഞ്ഞാണം മോഷണം പോയിരുന്നു. ഷൈലജ വീട്ടിൽ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്.

മോഷ്ടിച്ചത്‌ ഷൈലജയാണെന്നു കുടുംബാംഗങ്ങൾ സംശയിച്ചു. കുടുംബവീട്ടിൽ കയറരുതെന്ന വിലക്കും വന്നു. ഇത് ഷൈലജയുടെ മനസിൽ പകയുണ്ടാക്കി. ബന്ധു മരിച്ചതിന്റെ പേരിൽ ഒരിക്കൽ വീട്ടിലേക്ക് എത്തിയിരുന്നു. അന്ന്, മേബയുടെ മാതാപിതാക്കളെ കണ്ടപ്പോൾ പക വീണ്ടും ഉണർന്നു. അങ്ങനെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി വീടിനു പിന്നിലെ പുഴയിലേക്ക് എറിഞ്ഞുവെന്നാണ് കേസ്.

കുട്ടിയെ അന്വേഷിച്ചു ചെന്ന രഞ്ജിത്തിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികൾ കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ തിരിച്ചയച്ചെന്നും മരണം ഉറപ്പാക്കുന്ന വരെ പ്രതി കാത്തുനിന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.അനാശാസ്യത്തിന്റെ പേരിൽ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടിൽ നിൽക്കാൻ പറ്റാതെയായി. അനാശാസ്യത്തിന്റെ കാര്യം നാട്ടിൽ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഇതും പകയ്ക്ക് കാരണമായി.25 സാക്ഷികളെ വിസ്തരിക്കുകയും, 28 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പുനരന്വേഷണത്തിലാണ് കേസിലേക്ക് കൂടുതൽ തെളിവുകളും, സാക്ഷികളെയും കണ്ടെത്തിയത്.

പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി. പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന എസ്.പി. സുധീരൻ, സി.ജെ. മാർട്ടിൻ എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ വി.എ. ഷമീറിനെയാണ് വിചാരണവേളയിൽ പ്രോസിക്യൂഷനെ സഹായിക്കുന്നതിന് നിയോഗിച്ചത്.വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിൽജില്ലാ കോടതിയുടെ ചരിത്രത്തിലാദ്യമായി പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസ് മുറിയിലിരുന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയത്. ഓസ്‌ട്രേലിയയിലെ മെൽബണിലായിരുന്ന രഞ്ജിത്തിനെയും നീഷ്മയെയും ആണ് വീഡിയോ കോൺഫറൻസിംഗിലൂടെ വിസ്തരിച്ചത്.

Top