തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ചായയില്‍ ഉറക്കഗുളിക കലക്കി നല്‍കി പത്തൊന്‍പത്കാരന്‍ ബന്ധുവായ അറുപതുകാരിയെ മാനഭംഗപ്പെടുത്തി. കാട്ടായിക്കോണം, ചന്തവിള സ്വദേശി അല്‍ അമീനെയാണ് വെഞ്ഞാറമൂട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വിധവയും മുത്തശിയുടെ സഹോദരിയുമായ അറുപതുകാരിയെയാണ് ചായയില്‍ ഉറക്കഗുളിക നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയും സ്വര്‍ണമാല മോഷ്ടിക്കുകയും ചെയ്തത്.
സംഭവം നടന്നതിന് ശേഷം അല്‍ അമീന്‍ ഒളിവില്‍ പോകുകയായിരുന്നു. വെട്ടുറോഡിലെ സുഹൃത്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. കഴക്കൂട്ടം ചന്തവിളക്ക് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയില്‍ ഉറക്കഗുളിക കലക്കി നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തി.
പിന്നീട് കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹര്‍ത്താല്‍ ആയതിനാല്‍ 19 ന് ഇവര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തേ മരണപ്പെട്ടിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. വിജയന്‍, എസ്.ഐ എം.സാഹില്‍, സി.പി.ഒമാരായ വി.എല്‍. മഹേഷ്, എ. സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.