സോഷ്യൽ മീഡിയയിലെ തട്ടിപ്പ് മുതലെടുത്ത് സ്ത്രീകളുമായി സ്വകാര്യ ചാറ്റിന് വ്യാജ അക്കൗണ്ട്: സ്ത്രീകളുമായി ചാറ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് പുനലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച ശേഷം പണം തട്ടുന്ന സംഘം വ്യാപകമായ സാഹചര്യത്തിൽ പുതിയ തട്ടിപ്പുമായി ഇറങ്ങിയ പത്തൊൻപതുകാരൻ പിടിയിൽ. നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കുന്നതിനായി , ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ യുവാവിനെയാണ് സൈബർ പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുനലൂർ സ്വദേശിയായ റെനിൽ വർഗീസിനെ (19) സൈബർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തു.
വ്യാജ ഫെയ്‌സ്ബുക്ക്് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സ്ത്രീകളുമായി ചാറ്റ് ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. സാധാരണ തട്ടിപ്പ് സംഘങ്ങളെ പോലെ ഇയാൾ ഒരാളോടും പണം ആവശ്യപ്പെടുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും സൈബർ പൊലീസ് സംഘം വ്യക്തമാക്കി.
ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി ഉണ്ടാക്കിയ ശേഷം തട്ടിപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ പേരിലും വ്യാജ ഐഡി രൂപീകരിച്ചത്. അനൂപ് ജോസിന്റെ പല സുഹൃത്തുക്കൾക്കും ഫ്രണ്ട്‌സ് റിക്വസ്റ്റ് ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പുനലൂരിൽ നിന്നാണ് വ്യാജ ഐഡി നിർമ്മിച്ചത് എന്നു കണ്ടെത്തി. തുടർന്നു പൊലീസ് സംഘം ഈ അക്കൗണ്ട് നിർമ്മിച്ച് ഫോൺ നമ്പർ കണ്ടെത്തി. കഴിഞ്ഞ ദിവസം പുനലൂരിൽ എത്തിയ പൊലീസ് പ്രതിയെ പിടികൂടി.

തുടർന്നു, ചോദ്യം ചെയ്തതോടെയാണ് ഇയാൾ സംഭവം വെളിപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി റെനിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ മാസം പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം അറിയുകയും, റെനിലിനെ വിലക്കുകയും, പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും റെനിലിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതേ തുടർന്നു ഇയാൾ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ ചിലരുടെ ഫെയ്‌സ്ബുക്ക് സുഹൃത്താണ് ഇൻസ്‌പെക്ടർ അനൂപ് ജോസ് എന്നു കണ്ടെത്തി. തുടർന്നു ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിൽ നിന്നും എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ഇതിനു ശേഷം പ്രതി പല പെൺകുട്ടികളുമായും സ്ത്രീകളുമായും അനൂപ് ജോസെന്ന വ്യാജേനെ ചാറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പരാതിയായതും കേസായതും.

Top