സോളാറിനു പിന്നാലെ കോൺഗ്രസിനു ശരണ്യക്കുരുക്ക്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ പുനരന്വേഷണം വന്നേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ കേസിൽപ്പെട്ട് കൈപൊള്ളി നിൽക്കുന്ന കോൺഗ്രസിനെ വീണ്ടും കുടുക്കാൻ ശരണ്യക്കേസുമായി ഇടതു സർക്കാർ. പൊലീസ് നിയമനത്തട്ടിപ്പ് കേസ് വീണ്ടും അന്വേഷിച്ച് രമേശ് ചെന്നിത്തലയെക്കൂടി കുടുക്കാനാണ് ഇപ്പോൾ പിണറായി സർക്കാരിന്റെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടന്ന പൊലീസ് നിയമന തട്ടിപ്പ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകാൻ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ.

2015 ലാണ് പൊലീസ് നിയമനം തരപ്പെടുത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി ശരണ്യ വിവിധ സ്ഥലങ്ങളിൽ നിന്നും വൻതോതിൽ പണപ്പിരിവ് നടത്തിയത്.

50,000 മുതൽ രണ്ട് ലക്ഷം വരെയായിരുന്നു അഡ്വാൻസ് തുകയായി കൈപറ്റിയിരുന്നത്. മൊത്തത്തിൽ കോടികൾ വരുമിത്.

മന്ത്രിയുടെ ഓഫീസിലെ ലെറ്റർപാഡും സീലും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്നത് കേസിനെ അതീവ ഗൗരവമുള്ളതാക്കിയിരുന്നു.

തുടക്കത്തിൽ കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്.

അറസ്റ്റിലായിരുന്ന ശരണ്യ പൊലീസിനും തുടർന്ന് ഹരിപ്പാട് കോടതിയിലും നൽകിയ മൊഴികളിൽ ചെന്നിത്തലയുടെ ഓഫീസിനെ പരാമർശിച്ചിരുന്നു

ഇതോടെ ഭരണതലത്തിൽ ഇടപെടൽ നടത്തി അന്വേഷണം ചെന്നിത്തലയുടെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന് കൈമാറി.

ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ശരണ്യയെ സമ്മർദ്ദം ചെലുത്തി പിന്നീട് ചെന്നിത്തലയുടെ ഓഫീസിനെതിരായ പരാമർശം പിൻവലിപ്പിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ പരാതിക്കാർ ഉന്നയിക്കുന്നത്.

ആരും ആവശ്യപ്പെടാതെ തന്നെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് ഇതിന്റെ തെളിവായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ചെന്നിത്തലയുടെ ഓഫീസിനെ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്.

ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം സ്വീകാര്യമല്ലെന്നും തട്ടിപ്പ് കേസിൽ മുൻ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൾ പുനരന്വേഷിക്കണമെന്നുമാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.

സർക്കാറിനെതിരായ പടയൊരുക്കം ജാഥ തലസ്ഥാനത്ത് എത്തുന്നതിനു മുൻപ് തന്നെ ചെന്നിത്തലക്കെതിരായ പടയൊരുക്കമാണ് ഇപ്പോൾ അണിയറയിൽ ശക്തമായിരിക്കുന്നത്.

സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഉമ്മൻ ചാണ്ടിക്ക് വിനയായിരുന്നത് എന്നത് പോലെ തന്നെ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിനെ ‘ഉപയോഗിച്ച് ‘തട്ടിപ്പ് നടത്തിയതിന് പുനരന്വേഷണം നടന്നാൽ രമേശ് ചെന്നിത്തലയും പ്രതിരോധത്തിലാകും.

കോൺഗ്രസ്സിലെ എ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന കാര്യമായിരിക്കും ഈ പുനരന്വേഷണം.

ചെന്നിത്തലയെ കുറ്റക്കാരനായി കണ്ടെത്തിയാൽ ഉള്ള പ്രതിപക്ഷ നേതാവ് സ്ഥാനവും അദ്ദേഹത്തിൽ നിന്നും തെറിക്കും.

Top