ദിലീപിന് ആശംസ അര്‍പ്പിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് തെന്നിന്ത്യന്‍ നടിമാരുടെ വിമര്‍ശനം; പ്രമുഖ നടിമാരുടെ എതിര്‍പ്പ് കടുത്ത ഭാഷയില്‍

ദിലീപിന് കുഞ്ഞ് ജനിച്ചതില്‍ ആശംസയര്‍പ്പിച്ച തമിഴ് സിനിമാ ജേര്‍ണലിസ്റ്റിന്റെ വാളില്‍ സിനിമാ നടിമാരുടെ പൊങ്കാല. ശ്രീദേവി ശ്രീധര്‍ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ട്വിറ്ററില്‍ ആശംസ കുറിച്ചത്. ദിലീപിന്റെയും കാവ്യമാധവന്റെയും കല്യാണ ഫോട്ടോ പങ്കുവച്ചാണ് ഇരുവര്‍ക്കും സ്രീദേവി ശ്രീധര്‍ ആശംസ അര്‍പ്പിച്ചത്.

എന്നാല്‍ ഈ സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് തെന്നിന്ത്യന്‍ നടിമാര്‍ രംഗത്തെത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെ ബോളിവുഡ് താരം തപ്‌സി പന്നു, തന്നിന്ത്യന്‍ താരം റായ് ലക്ഷിമി, ലക്ഷ്മി മച്ചു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ കടുത്ത പ്രതികരണം രേഖപ്പെടുത്തിയത്.

‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്-ലക്ഷ്മി മാന്‍ചു കുറിച്ചു.

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണം-തപ്സി കുറിച്ചു.

‘മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക?- രാകുല്‍ പ്രീത് പ്രതികരിച്ചു.

ലക്ഷ്മിയെയും തപ്സിയെയും പിന്തുണച്ച് റായി ലക്ഷ്മി രംഗത്തെത്തി. ‘ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.’

‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയാണ്. ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’- ശ്രീയ ശരണ്‍ കുറിച്ചു.

Top