ജന്മഭൂമിയെ സ്നേഹിക്കേണ്ടത് നിരുപാധികമാണെന്ന് ആമിറിന് അറിയില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകനെ ആവശ്യമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Aamir-Khan

ദില്ലി: പ്രശസ്ത നടന്‍ ആമിര്‍ഖാനെ വെറുതെവിടാന്‍ നേതാക്കള്‍ ഒരുക്കമല്ല. അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ആമിറിനെയും കൊണ്ടേ പോകൂ എന്ന അവസ്ഥയാണ്. ഇതിനിടയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്ക് ആമിറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മനോഹര്‍ പരീക്കിനെ പിന്തുണച്ച് ബിജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആമിറിനെ പാഠം പഠിപ്പിക്കുമെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയാണ് സ്വാമി പിന്തുണ നല്‍കിയത്. എന്തിനാണ് പരീക്കറിന്റെ ആമിറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഇത്ര ബഹളമുണ്ടാക്കുന്നത്. ജന്മഭൂമിയെ സ്നേഹിക്കേണ്ടത് നിരുപാധികമാണെന്ന് ആമിറിന് അറിയില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകനെ ആവശ്യമുണ്ടെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരീക്കറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സ്വാമിയുടെ പിന്തുണ. ആമിറിനെ പരീക്കര്‍ രാജ്യദ്രോഹിയെന്ന് വിളിച്ചത് ശരിയായില്ല. രാജ്യത്തെയല്ല ആമിര്‍ വിമര്‍ശിച്ചത്. മറിച്ച്, ഭരണസംവിധാനം പരാജയപ്പെട്ട സര്‍ക്കാറിനെയാണെന്നും എന്‍സിപി നേതാവ് മാജിദ് മേനോന്‍ പറഞ്ഞു. ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്ന വിധത്തില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പാഠം പഠിപ്പിക്കണമെന്നാണ് ആമിറിനെ ഉദ്ദേശിച്ച് പരീക്കര്‍ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത്. ജനങ്ങള്‍ അവരെ നേരിടണം. ഈ രാജ്യത്തിന്റെ ശക്തിയെന്തെന്ന് അവരെ ബോധ്യപ്പെടുത്തണം. ഒരു നടന്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള സാഹസം കാണിച്ചത് ആരും മറന്നിട്ടില്ല. അയാളും ഭാര്യയും ഇന്ത്യ വിട്ട് ഏതെങ്കിലും വിദേശരാജ്യത്ത് ചേക്കേറാന്‍ ആലോചിക്കുന്നെന്ന അപകീര്‍ത്തികരമായ പരാമര്‍ശമാണ് അയാള്‍ നടത്തിയത്. എത്ര ചെറിയ വീടാണുള്ളതെങ്കിലും, അതിനെ സ്നേഹിക്കുകയും അതൊരു കൊട്ടാരമാക്കുന്നത് എങ്ങനെയെന്നുമാണ് ആലോചിക്കേണ്ടത്.

Top