ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പ്രാകൃത നാട്ടുക്കൂട്ടമായ ഖാപ് പഞ്ചായത്തുകള്‍ക്ക് വിലങ്ങ് വീഴുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ തമ്മിലുള്ള വിവാഹങ്ങളിലുള്ള ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകള്‍ക്കെതിരെ സുപ്രീം കോടതി. ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ജാതി മാറിയുള്ള വിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ വിധിച്ച ശിക്ഷകള്‍ ആധുനിക സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്.
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കുന്നതിന് കുടുംബത്തിന്റെയോ സമുദായത്തിന്റെയോ സമ്മതം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ദുരഭിമാനക്കൊലയില്‍നിന്ന് ദമ്പതിമാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ശക്തിവാഹിനി എന്ന സന്നദ്ധസംഘടന 2010-ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രധാനമായ വിധി.
പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകളോ മറ്റേതെങ്കിലും നാട്ടുകൂട്ടങ്ങളോ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. പാര്‍ലമെന്റ് നിയമംകൊണ്ടുവരുന്നതുവരെ, ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുമിറക്കി. സമൂഹത്തിന്റെ സദാചാര സംരക്ഷകരായി ഖാപ് പഞ്ചായത്തുകള്‍ പെരുമാറേണ്ടതില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രായപൂര്‍ത്തിയായവര്‍ പരസ്?പരസമ്മതത്തോടെ വിവാഹം കഴിക്കുന്നത് തടയാനോ അവരെ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അധികാരമില്ലെന്ന് കേസിന്റെ വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭീഷണി നിലനില്‍ക്കുന്നതായി ദമ്പതിമാര്‍ അറിയിച്ചാല്‍ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷണം നല്‍കണം.
കുടുംബത്തിന്റെ അഭിമാനം, ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ ദമ്പതിമാരെ ശിക്ഷിക്കുന്നതു സംബന്ധിച്ച് ഖാപ് പഞ്ചായത്തുകളില്‍ നിന്നുതന്നെ സുപ്രീംകോടതി മറുപടി തേടിയിരുന്നു. ഇതര ജാതി, മതസ്ഥരെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ഒരേഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നുമായിരുന്നു അവരുടെ വാദം. ഒരു ഗോത്രത്തിലുള്ളവരെല്ലാം ഒരേ പിതാമഹനില്‍ നിന്നുള്ളവരാണെന്നും അവര്‍ സഹോദരങ്ങളാണെന്നുമാണ് കരുതപ്പെടുന്നതെന്നും അവര്‍ വാദിച്ചു. ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
ഖാപ് പഞ്ചായത്തിലോ ഗോത്രത്തിലോ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ ഇഷ്ടത്തിനാണ് കോടതി പ്രാധാന്യം നല്‍കുന്നത്. പരമ്പരാഗത സ്വത്തു തര്‍ക്കമോ മറ്റെന്തെങ്കിലും വിഷയമോ അവരുമായി ബന്ധപ്പെട്ടുണ്ടായാല്‍ അത് കോടതി തീര്‍പ്പാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ദുരഭിമാനക്കൊലകള്‍ നടന്ന സ്ഥലങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ കണ്ടെത്തണം. ഇത്തരം സ്ഥലങ്ങളില്‍ മിശ്രവിവാഹം നടന്നിട്ടുണ്ടെങ്കില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണം
ഖാപ് പഞ്ചായത്തുകള്‍ കൂടിയതായി വിവരം ലഭിക്കുന്ന പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഖാപ് പഞ്ചായത്ത് അംഗങ്ങളെ പിന്തിരിപ്പിക്കണം. ഇതു വകവെക്കാതെ യോഗം നടക്കുകയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥനും അതില്‍ പങ്കെടുത്തുകൊണ്ട്, ഖാപ് പഞ്ചായത്തുകള്‍ ശിക്ഷാവിധികളൊന്നും നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതൊന്നും നടക്കുന്നില്ലെങ്കില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.


