കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കാൻ ഭാര്യയുടെ പദ്ധതി;രണ്ട് വട്ടം പിഴച്ച കൊലപാതകം പിന്നീട് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ

താനൂര്‍: കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ കൊന്നു കഷണങ്ങളാക്കി കളയാൻ ഭാര്യയുടെ കാമുകനുമായി പദ്ധതി. മലപ്പുറം താനൂരില്‍ മത്സ്യതൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ശേഷമായിരുന്നു .രണ്ടുതവണ പാളിയ കൊലപാതകംമൂന്നാം തവണ നടപ്പിൽ വരുത്തിയത് വളരെ കരുതലോടെ ആയിരുന്നു . സവാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ കൊലപാതകത്തിനിടെ മകള്‍ ഉണര്‍ന്നതോടെയാണ് ഇത് സാധിക്കാതെ വന്നത്.മുഖ്യപ്രതി ബഷീര്‍ ഇന്നലെ താനൂര്‍ എസ്.ഐക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. ബഷീറും സവാദിന്റെ ഭാര്യയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സവാദ് സമ്മതിക്കില്ലെന്ന് മനസിലായതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

മൂന്ന് മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി സവാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സവാദ് ഭക്ഷണം കഴിച്ചില്ല. മറ്റൊരു ദിവസം രാത്രിയില്‍ കൊലപാതകത്തിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീടാണ് കൃത്യമായി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി രണ്ട് ദിവസത്തെ അവധിക്ക് വിദേശത്ത് നിന്നും ബഷീര്‍ എത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. മാത്രമല്ല ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൊലപാതകത്തിന് ശേഷം സവാദിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സാവദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഒപ്പം ഉറങ്ങിക്കിടന്ന മകള്‍ ഉണര്‍ന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. മരക്കഷ്ണം കൊണ്ട് രണ്ട് പ്രാവശ്യമാണ് സാവദിന്റെ തലയ്ക്കടിച്ചത്.

പിന്നീട് മകളെ ഭാര്യ സൗജത്ത് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് മരണം ഉറപ്പാക്കാന്‍ സൗജത്ത് സവാദിന്റെ കഴുത്ത് മുറിച്ചു. സംഭവം പാളിയതോടെ സൗജത്ത് പിടിയിലായിരുന്നു. ബഷീറിന് സവാദിന്റെ വീട്ടില്‍ എത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തേക്ക് പോയ ബഷീര്‍ ഇന്നലെയാണ് കീഴടങ്ങിയത്. പത്രമാധ്യമങ്ങളിലടക്കം ചിത്രം ഉള്‍പ്പെടെ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാതെ വന്നതോടെയാണ് ബഷീര്‍ കീഴടങ്ങിയത്.

Top