ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിയെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; സംഭവം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി ഗംഗേശ്വരാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് വിരുദ്ധമായ റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച്. യുവതി ജനനേന്ദ്രിയം മുറിച്ചത് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗംഗേശ്വരാനന്ദയ്ക്ക് വിചാരണ നേരിടേണ്ടിവരും.

പീഡനശ്രമത്തില്‍നിന്നു രക്ഷപ്പെടാനായി യുവതി കത്തിയെടുത്തു വീശിയപ്പോഴാണു സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞതെന്ന് എസ്പി. മുഹമ്മദ് ഷബീര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എ.ഡി.ജി.പിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. എഡിജിപിയെ കുറ്റവിമക്തയാക്കുകയാണ് അന്വേഷണം. ഈ സാഹചര്യത്തില്‍ വിചാരണയില്‍ ഗംഗേശാനന്ദയും പെണ്‍കുട്ടിയും എടുക്കുന്ന നിലപാടുകള്‍ അതീവ നിര്‍ണ്ണായകമാകും.

യുവതി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണു ഗംഗേശാനനന്ദയെ പ്രതിയാക്കി കുറ്റപത്രം നല്‍കുന്നത്. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കുന്നത്.

2017 മെയ് 19-നായിരുന്നു സംഭവം. പീഡനശ്രമത്തിടെ ഗംഗേശാനന്ദയുടെ ജനനനേന്ദ്രിയം മുറിച്ചെന്നാണു യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയും കുടുംബവും അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്തു. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും സുഹൃത്തായ അയ്യപ്പദാസിന്റെ പ്രേരണയിലാണു കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി. ഗംഗേശാനന്ദ നിരപരാധിയാണെന്നു യുവതിയുടെ മാതാവും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. എഡിജിപി സന്ധ്യയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്ന് ആരോപണമുയര്‍ന്നു. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം കണ്ണമ്മൂലയിലെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എഡിജിപി സന്ധ്യയുടെ വീടിനു മുന്നില്‍ സ്വാമി നേരത്തേ സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. പീഡനശ്രമം നടന്നിട്ടില്ലെന്നു വരുത്തിതീര്‍ക്കാനാണു പെണ്‍കുട്ടിയുടെ മൊഴിമാറ്റമെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top