കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ: കേസില്‍ ഒരാള്‍ കൂടി പിടിയില്‍

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജ രേഖക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മൂന്നാം പ്രതി ആദിത്യയുടെ സുഹൃത്ത് വിഷ്ണു റോയിയാണ് പിടിയിലായത്. ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിയെന്നാണ് വിവരം. വ്യാജരേഖാ ചമച്ചുവെന്ന കേസില്‍ നേരത്തെ കൊച്ചി സ്വദേശിയായ ആദിത്യയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ആദിത്യയെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് കോടതി പൊലീസിനെ ശാസിച്ചിരുന്നു. തുടര്‍ന്ന് ആദിത്യയെ നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചുവെന്നും രണ്ട് വൈദികരുടെ പേരുകള്‍ പറയണമെന്നും പൊലീസ് സമ്മര്‍ദം ചെലുത്തുന്നുവെന്നും ആദിത്യ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ആദിത്യ ഇപ്പോള്‍ ജാമ്യത്തിലാണ്.

Top