അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു…പുല്‍വാമയിലെ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകങ്ങളെയും അപലപിച്ച് മോഹൻലാല്‍ അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും?

ഹൈദരബാദ്: ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹൻലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്.അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.വടക്ക്‌നിന്നും വീണ്ടും മൃതദേഹപേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ട് മുറ്റങ്ങളിലെത്തി എന്ന് തുടങ്ങുന്ന ബ്ലോഗില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച മോഹന്‍ലാല്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ചു.

ആ വിരജവാൻമാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളില്‍ പ്രണിമിക്കാൻ തോന്നിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീര ജവാൻമാര്‍ ജോലി ചെയ്യുന്നത്. മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്ന് കിടക്കുന്നത് എന്ന കാര്യം അവനറിയാം താൻ മിരിച്ചാലും രാജ്യം ജീവിക്കണം. സുരക്ഷിതമാവണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. ഓരോ ജവാനും ഓരോ നിമിഷവും ഇത് പറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്‍ടാംഗ പ്രണാമം.. ഞങ്ങള്‍ക്കറിയാം.. നിങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.

ഞങ്ങള്‍ ജീവിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കലഹിച്ചുകൊണ്ട്, നിരര്‍ഥക മോഹങ്ങളില്‍ മുഴുകിക്കൊണ്ട്.. മോഹൻലാല്‍ പറയുന്നു.

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാൻമാര്‍ കൊല്ലപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ.. ജവാൻമാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം.. നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും. അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക.. ആരായിരുന്നാലും ശരി. സഹായിക്കാതിരിക്കുക.. മക്കള്‍ നഷ്‍ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ.. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാൻ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ ഞങ്ങള്‍ ജീവിതംതുടരട്ടെ- മോഹൻലാല്‍ പറയുന്നു.എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Top