തിരുവന്തപുരം: ശബരിമലയില്‍ ഏത് പ്രായതതിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വരെ കേസ് നടത്തി ഒടുവില്‍ വിജയിച്ച ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. 2016 മുതല്‍ ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന തൃപ്തി ഈ മണ്ഡലകാലത്തെങ്കിലും മല ചവിട്ടാനെത്തുമോ?
ലിംഗ വിവേചനത്തിനെതിരെ പോരാടുന്ന ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന വിലക്കിനെതിരെയാ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധയാകര്‍ഷിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്‌നാപൂര്‍, ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീ പ്രവേശനം സാധ്യമാവുകയായിരുന്നു. ഇതേ ഊര്‍ജത്തില്‍ നിന്നാണ് ഇവര്‍ ശബരിമലയിലും സ്ത്രീ പ്രവേശനത്തിനായി പോരാട്ടം തുടങ്ങിയത്. എന്നാലിപ്പോള്‍ അനുകൂല വിധി വന്നിട്ടും തൃപ്തി കേരളത്തിലെത്താത്തത് സംശയങ്ങള്‍ക്കിട നല്‍കുന്നു.
തൃപ്തി ആര്‍എസ്എസിന്റെ തന്നെ വക്താവാണെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ നേതൃത്വവും ആദ്യ സമയത്ത് കേരളത്തിലെ ആര്‍എസ്എസ് കൈക്കൊണ്ട നിലപാടും സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായിരുന്നു. ഇത് ഈ സംശയങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് കാരണമായി മാറി.
2016 മുതല്‍ പലപ്പോഴായി തൃപ്തി ശബരിമല ദര്‍ശിക്കാനെത്തുമെന്ന് പറയുന്നുണ്ട്. 2017 ജനുവരിയില്‍ എന്ത് സംഭവിച്ചാലും കയറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ പ്രവേശിച്ചില്ല. സെപ്തംബറില്‍ മല ചവിട്ടാനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നിരുന്നില്ല.
സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസവും തുലാമാസത്തില്‍ എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. അപ്പോഴും എത്തിയില്ല. മാത്രവുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതെല്ലാം ആര്‍എസ്എസും തൃപ്തിയും തമ്മിലുള്ള പൊറാട്ട് നാടകമാണെന്ന വാദത്തിന് ശക്തി നല്‍കുകയാണ്. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ മനപൂര്‍വ്വമുള്ള ശ്രമമാണോ ഇതെന്നും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള തരംതാണ കളികളാണെന്നും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.
മല ചവിട്ടാന്‍ ഇന്നെത്തും നാളെയെത്തും എന്ന് പറയുന്നതല്ലാതെ ഇതുവരെ എത്താത്ത തൃപ്തി ലക്ഷ്യം വെക്കുന്നതെന്താണ്? നിരീക്ഷകര്‍ പറയുന്നതുപോലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തരംതാണ കളിയില്‍ കളിപ്പാവ മാത്രമാണോ തൃപ്തി? തൃപ്തിയെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ നിന്ന് എന്ത് നേടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്?