കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കം. വിമത നീക്കവുമായാണ് അണികളുടെ പ്രതിഷേധം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടന്നിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിനൊരുങ്ങുന്നു. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ കടുത്ത എതിർപ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. അതിനിടെയാണ് വിമതനീക്കം.
സ്ഥാനാർത്ഥി ചർച്ചക്ക് പിന്നാലെ പാർട്ടി യോഗങ്ങളിൽ ടി കെ.ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഒരാഴ്ച പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും തുടർച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ എന്ന നിലയിലാണ് പി.കകെ. ശ്യാമളയ്ക്കെതിരെ എതിർപ്പുയർന്നത്. എന്നാൽ പി.കെ. ശ്യാമളയെ ഏതെങ്കിലും തരത്തില്‍ ബന്ധം കൊണ്ട് സ്ഥാനാര്‍ഥിയാക്കിയതല്ലെന്ന വിശദീകരണവും എം.വി. ഗോവിന്ദന്‍ നല്‍കി. വിവാഹത്തിന് മുമ്പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചതെങ്ങനെയാണെന്നും എം.വി. ഗോവിന്ദൻ ചോദിച്ചിരുന്നു.
പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് എതിരെ അണികളും അനുഭാവികളും വലിയ രീതിയിലുള്ള എതിർപ്പുകൾ ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി തന്നെയായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചതും. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കും എന്നതരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ജനകീയനായ ഒരാളെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ അത് പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും അണികൾ ഉയർത്തിയിരുന്നു. കടുത്ത എതിർപ്പും അസംതൃപ്തിയും തളിപ്പറമ്പിലിലെ പാർട്ടിയിൽ ശക്തമാകുന്നതോടെ വിമതനീക്കം കോൺഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിലെ ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.










