തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ കട ഉടമയെയും ജീവനക്കാരെയും ഗുണ്ടാസംഘം അതിക്രൂരമായി വെട്ടിക്കൊല്ലാൻ ശ്രമിച്ചു.തിരുവനന്തപുരം കഴക്കൂട്ടത്തു ഫ്രൂട്സ് കട ഉടമയെയും രണ്ടു ജീവനക്കാരെയുമാണ് ഗുണ്ടാസംഘം ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നത് .പൊലീസ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെയായിരുന്നു സംഭവം. വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി വെട്ടുന്ന ദൃശ്യങ്ങളാണു പുറത്തായത്. സൈബർ സെല്ലിന്റെ പരിശോധനയ്ക്കു ശേഷം ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ടെന്നാണു സൂചന. ഇതിലെ ഞെട്ടലുളവാക്കുന്ന രംഗങ്ങൾ നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. 19നു രാത്രി 7.15നു പൊലീസ് സ്റ്റേഷനു സമീപത്തെ ഫ്രൂട്സ് കടയിൽ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.
ദൃശ്യം ഇങ്ങനെ.രണ്ടു ബൈക്കുകളിലായി നാലംഗസംഘം കടയ്ക്കു മുന്നിൽ എത്തുകയും പിന്നിലിരുന്ന പാങ്ങപ്പാറ സ്വദേശി ദീപുവും പൊലീസ് പിടിയിലായ അനീഷും ബൈക്കിൽനിന്നിറങ്ങി ജീവനക്കാരോട് എന്തോ ചോദിക്കുന്നതുമാണ് ആദ്യ രംഗം. തുടർന്നു മൂന്നു മിനിറ്റോളം കടയിലേക്ക് ഇവർ നോക്കിനിന്നു. ശേഷം തിരികെ മടങ്ങാനുള്ള ശ്രമം. ഒടുവിൽ വീണ്ടും ജീവനക്കാരനോട് എന്തോ ചോദിച്ചു. പിന്നെ റോഡിലേക്കു കടന്ന ഗുണ്ട കയ്യിൽ കരുതിയ കവറിൽനിന്നു വെട്ടുകത്തിയെടുത്തു കടയിലേക്കു പാഞ്ഞടുക്കുകയും കടയുടമ സെയിദ് അലിയെയും ജീവനക്കാരൻ ഹമീദിനെയും നിമിഷനേരം കൊണ്ടു വെട്ടുകയുമായിരുന്നു.
അവസാനം മറ്റൊരു ജീവനക്കാരനായ മണികണ്ഠന്റെ തലയിലും തലങ്ങും വിലങ്ങും വെട്ടി. വെട്ടേറ്റ ഇയാൾ നിലത്തു വീണിട്ടും ഗുണ്ട പിന്തിരിഞ്ഞില്ല. ഈ സമയം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു ഗുണ്ടാസംഘത്തിലെ മറ്റു മൂന്നുപേർ. വീണ്ടും വെട്ടാനായി ഗുണ്ട ഓടിയടുക്കുമ്പോൾ സംഘത്തലവൻ ഇയാളെ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. പരുക്കേറ്റവർ പത്തുമിനിറ്റ് നേരത്തോളം ചോരവാർന്ന് ഇവിടെ കിടന്നു. ഒടുവിൽ സമീപത്തെ വ്യാപാരികൾ എത്തിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.പൊലീസ് പറയുന്നത് ഇങ്ങനെയാണ് ..നാലംഗ സംഘത്തിലെ ഒരാൾ കടയിലെത്തി ഹമീദിനോട് രണ്ടു കിലോ ഓറഞ്ച് എടുക്കാൻ ആവശ്യപ്പെട്ടു. ഹമീദ് ഈ ഓർഡർ മണികണ്ഠനെ ഏൽപിച്ചു. ഇതു ഗുണ്ടാസംഘത്തെ ചൊടിപ്പിച്ചു. സാധനം ലഭിക്കാൻ വൈകിയപ്പോൾ ഗുണ്ടാ സംഘത്തിലെ ഒരാൾ, എതിരാളികളുടെ അക്രമം നേരിടാൻ പതിവായി കയ്യിൽ കരുതുന്ന വെട്ടുകത്തി എടുത്തു പ്രയോഗിച്ചുവെന്നാണു കേസ്. സംഭവത്തിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അനീഷിനെ അന്നുതന്നെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ ലാൽ പിറ്റേദിവസം കീഴടങ്ങി. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. സംഭവം ക്വട്ടേഷൻ ആണെന്ന സംശയവും പൊലീസ് അന്വേഷിക്കും .വെട്ടേറ്റു തലയ്ക്കു ഗുരുതര പരുക്കേറ്റ മണികണ്ഠന്റെ നില ഇപ്പോഴും ഗുരുതരമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. തലയോട്ടി പൊട്ടി ഒരു ഭാഗം തലച്ചോറിൽ പതിച്ച നിലയിലാണ്. ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. കാൻസർ ചികിത്സയ്ക്കിടെയാണ് ഇയാൾക്കുനേരെ ആക്രമണം ഉണ്ടായത്.


