തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. മൂന്നാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊലനടന്നത് .
മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ,അജിത്കുമാര്‍, സിഐ സാബു ,ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷ്ണമുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതികളും സാക്ഷികളും എല്ലാം പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഈ കേസിനെ വ്യത്യസ്ഥമാക്കുന്നത് വിചാരണ വേളയില്‍ ദൃക്‌സാക്ഷി സുരേഷ്‌കുമാറും സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരും കൂറുമാറിയിരുന്നു. എന്നാല്‍ മാപ്പുസാക്ഷികളായി സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി പൂര്‍ണമായും പ്രതിഭാഗത്തിന് എതിരാണ് . പ്രോസിക്യൂഷന് വേണ്ടി 214രേഖകളും 12തൊണ്ടി മുതലുകളുംപ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.





