അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍.പ്രതികാരവുമായി വീണ്ടും അമേരിക്ക; ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചു.

വാഷിങ്ടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫിന് അമേരിക്ക വിസ നിഷേധിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ പങ്കെടുക്കുന്നതിന് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെത്തണമായിരുന്നു സരീഫിന്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ അമേരിക്ക വിസ നല്‍കിയില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1947ലെ ഐക്യരാഷ്ട്രസഭാ ആസ്ഥാന കരാര്‍ പ്രകാരം വിദേശ പ്രതിനിധികള്‍ക്ക് അമേരിക്ക വിസ നല്‍കല്‍ നിര്‍ബന്ധമാണ്. ഈ ചട്ടം ലഘിച്ചാണ് ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചത്. സുരക്ഷ, വിദേശനയം എന്നിവ പരിഗണിച്ചാണ് പുതിയ തീരുമാനം എടുത്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.


ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൌസ് ട്വീറ്റ് ചെയ്തിരുന്നു. ബഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യു.എസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചതിന് പിറകെയാണ് ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ കഴിഞ്ഞ ചൊവ്വാഴ്ച ആക്രമണം നടന്നിരുന്നു.

അതേസമയം ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച സംഭവത്തില്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്രസഭയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top