കൊച്ചി: കെപിസിസി പുനസംഘടനയുമായിട്ടുള്ള വിവാദം കത്തി നിൽക്കെ കെസി വേണുഗോപാലിന് എതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിനെ ചൊല്ലിയും കോൺഗ്രസിൽ ഭിന്നാഭിപ്രായം. കേന്ദ്രത്തിന്റെ ഫണ്ട് കളയേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നത് ബിജെപി-സിപിഐഎം ഡീലിന്റെ ഭാഗമാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രസ്താവന. ഈ ഭിന്നാഭിപ്രായവും കോൺഗ്രസിലെ ഗ്രുപ്പ് പോരിന്റെ ഭാഗമായിട്ടാണ് .
പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നതിനെ എതിർക്കാതെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനുള്ള പദ്ധതിയാണ് പി എംശ്രീ. എന്നാൽ കേന്ദ്രത്തിന്റെ ഫണ്ടല്ലേ കളയേണ്ടതില്ലല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തമല്ലല്ലോ, ജനങ്ങളുടെ നികുതി വാങ്ങിയുണ്ടാക്കുന്ന ഫണ്ടല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം. വർഗീയ അജണ്ടകളുള്ള നിബന്ധനകൾ പാലിക്കാതിരുന്നാൽ മതിയെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
എന്നാൽ പദ്ധതിയിൽ കേരളം ചേരുന്നത് ബിജെപി- സിപിഐഎം ഡീലിൻ്റെ ഭാഗമായെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പദ്ധതി നടപ്പാക്കി എന്നത് തെറ്റായ ധാരണയാണ്. ബിജെപി ഭരണ കാലത്താണ് ആ സംസ്ഥാനങ്ങളിൽ നടപ്പാക്കിയത്.സിലബസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നത് കോൺഗ്രസ് അംഗീകരിക്കില്ല. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ട ഗോഡ്‌സെയെക്കുറിച്ച് പഠിച്ചാൽ മതി എന്നാണ് കേന്ദ്ര നിലപാടെന്നും അത് നടപ്പിലാക്കുന്നതിനുള്ള കൈക്കൂലി ആണോ 1400 കോടി രൂപയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. സിപിഐ നിലപാടിൽ ഉറച്ചു നിൽക്കണമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
അതേസമയം പിഎം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തി. സമസ്ത മുഖപത്രം സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് പിഎം ശ്രീ പദ്ധതിക്കെതിരായ വിമർശനം. പദ്ധതി സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നാണ് ലേഖനത്തിലെ വിമർശനം. പിഎം ശ്രീ പദ്ധതിയിലൂടെ കാവി വത്ക്കരണത്തിനാണ് ശ്രമമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
അതേസമയം കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.
എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തില്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കുക, വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ഭാരവാഹികളായി നിശ്ചയിക്കുക തുടങ്ങിയ ഭാരിച്ച ചുമതലള്‍ ബുത്ത് തലം മുതല്‍ കൈമാറേണ്ടതുണ്ട്. കേരളത്തിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് നേരത്തെ ചുമതലകള്‍ കൈമാറിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഒഴികെ മറ്റെല്ലാ കോര്‍പ്പറേഷനുകളിലും നിലവില്‍ ഭരണം എല്‍ ഡി എഫിനാണ്. തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷന്‍ ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതാണ്. വിമതരുടെ വിജയമായിരുന്നു ഈ രണ്ടു കോര്‍പ്പറേഷനും നഷ്ടപ്പെടാന്‍ കാരണമായത്. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ പിന്നീട് എല്‍ ഡി എഫ് പിന്തുണയോടെ മേയറായി.
ഇത്തവണ തിരുവനന്തപുരം ബിജെപി പിടിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കയാണ്. ഇത് തടയാനായില്ലെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാവും. പാലക്കാട്, പന്തളം നഗരസഭകള്‍ ബി ജെ പിയില്‍ നിന്നും തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടുങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ജില്ലാ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ജില്ലാ കോണ്‍ഗ്രസിലും പുനസംഘടനയുണ്ടാവുമെന്ന് നേരത്തെ എ ഐ സി സി നേതൃത്വം സൂചനകള്‍ നല്‍കിയിരുന്നു. പുനസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ നടപടികള്‍ പാതിവഴിയില്‍ അവസാനിച്ചു. പുതിയ ഭാരവാഹികളാവാനായി തയ്യാറെടുപ്പുകള്‍ നടത്തിയവര്‍ നിരാശരായി. ഇതെല്ലാം താഴേക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് നിയമനവുമായി ബന്ധപ്പെട്ടുടലെടുത്ത വിവാദങ്ങള്‍, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം എന്നിവയും സാധാ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.










