ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു;കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു; പ്രായമായാല്‍ അടങ്ങിയിരുന്നൂടെയെന്ന് വെള്ളാപ്പള്ളി

vellappally-vs

ചേര്‍ത്തല: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസിന്റെ ആരോപണത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അച്യുതാനന്ദന് പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്. മൈക്രോ ഫിനാന്‍സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പ്രചരണങ്ങളാണെന്നും വെള്ളാപ്പള്ളി പറയുന്നു.

ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു നിവേദനം നല്‍കാന്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും പരാതി നല്‍കി യോഗം നേതാക്കളെ തകര്‍ക്കാനും തളര്‍ത്താനുമാണു ചിലരുടെ ശ്രമം. അഞ്ചു പൈസയുടെ തിരിമറി ഇതില്‍ നടന്നിട്ടില്ല.

2001 മുതല്‍ പലഘട്ടങ്ങളിലായാണു പിന്നാക്ക വികസന ക്ഷേമ കോര്‍പറേഷന്‍ 15 കോടി രൂപ വായ്പ നല്‍കിയത്. ഇതില്‍ 10 കോടി നേരത്തെ അടച്ചുതീര്‍ത്തിരുന്നു. അവസാനഘട്ടത്തില്‍ ലഭിച്ച അഞ്ചു കോടി സംബന്ധിച്ചാണു പരാതിയുണ്ടായത്. യോഗത്തിന്റെ 39 യൂണിയനുകള്‍ക്കായി ചെക്ക് മുഖാന്തരം നല്‍കിയ പണം വകമാറ്റി ചെലവഴിച്ചതായും മേല്‍പലിശ വാങ്ങിയതായുമാണ് ആക്ഷേപം. ചില യൂണിയനുകള്‍ അപേക്ഷ നല്‍കാതെ പണം അനുവദിക്കുകയും ചിലര്‍ പലിശ വാങ്ങാതെയുമുണ്ട്. ഇതെല്ലാമാണു ക്രമക്കേടായി പറയുന്നത്.

സാധാരണക്കാരായ പിന്നാക്ക സ്ത്രീകളെ സാമ്പത്തികമായി ഏറെ സഹായിക്കുന്ന പദ്ധതിയാണിത്. എസ്എന്‍ഡിപിക്ക് ഒപ്പം മറ്റു സമുദായങ്ങള്‍ക്കും കോര്‍പറേഷന്‍ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്എന്‍ഡിപിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നതു ശരിയല്ല. ഇതിനെ ശക്തമായി നേരിടാനാണു തീരുമാനം. തെറ്റിദ്ധാരണ നീക്കുന്നതിനു യൂണിയനുകള്‍ കേന്ദ്രീകരിച്ചു വിശദീകരണസമ്മേളനങ്ങളും പ്രചരണങ്ങളും സംഘടിപ്പിക്കും.

എസ്എന്‍ഡിപിക്ക് എതിരെ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാല്‍ എന്നെ വിളിച്ചു ചോദിച്ച് നിജസ്ഥി മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വാദിഭാഗം മാത്രം കേട്ട് വിധി പറയുന്നതുപോലെയാണ് ഇത്. ലാവ്‌ലിന്‍, ഐസ്‌ക്രീം കേസുകളുടെ പിറകേ എത്രവര്‍ഷമായി നടക്കുന്നു. കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകാനിരുന്നതാണെങ്കിലും അന്നു കേസിന്റെ അവധിക്കു കോടതിയില്‍ പോകേണ്ടിയിരുന്നതിനാലാണ് അതു സാധിക്കാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top