ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്

കൊച്ചി:വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സംവിധായക അറിയിച്ചത്.ഡബ്ല്യൂസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണമെന്നും വിധു വിന്‍സെന്‍റ് പറയുന്നു.

സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാനും ഡബ്ല്യൂസിസി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ ശ്രമങ്ങൾക്ക് പിന്തുണയും ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്ന് ആശംസയും നേർന്നാണ്​ വിധു വിന്‍സെന്‍റ് പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.മലയാളത്തിലെ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ 2017ലാണ്​ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്​.

വിധുവിന്റെ കുറിപ്പ് വായിക്കാം:

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കലക്‌ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ലുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.’–വിധു പറഞ്ഞു.

ഡബ്ല്യുസിസിയുടെ ആരംഭകാലം മുതല്‍ അവരുടെ നിലപാടുകള്‍ മാധ്യമങ്ങളിലേക്ക് എത്തിയിരുന്നത് പലപ്പോഴും വിധു വിന്‍സെന്റ് വഴിയായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ താരസംഘടനയ്ക്ക് അകത്തും പുറത്തും ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ്​ വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്.

Top