അനുഷ്‌ക കോലി വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്; ഇറ്റലിയിലെ റിസോര്‍ട്ടിലെ ചടങ്ങില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രമുഖര്‍

മിലാന്‍: ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കോലി – അനുഷ്‌ക വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. വിരാട് കോലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആദ്യ ചിത്രം പുറത്ത് വിട്ടത്. തന്റെ കഴുത്തില്‍ പൂമാലയിടാന്‍ ശ്രമിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് കോലി പങ്കുവച്ചത്.

‘ഈ പ്രണയത്താല്‍ ഇനിയെന്നും ഒന്നായിരിക്കുമെന്ന് ഞങ്ങള്‍ പരസ്പരം വാക്കു നല്‍കിയിരിക്കുന്നു. വിവാഹ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്‌നേഹവു കൂടി ചേര്‍ന്നതോടെ ഈ ദിവസം കൂടുതല്‍ മനോഹരമായി. ഞങ്ങളുടെ യാത്രയില്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി.’ ചിത്രത്തോടൊപ്പം കോലി ട്വീറ്റ് ചെയ്തു.

kohli1

തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കഴിഞ്ഞാഴ്ച്ച തന്നെ കോലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നത്. ടസ്‌കനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരമാണ് ഈ റിസോര്‍ട്ടിലേക്കുള്ളത്. ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്‌കനി. അതേസമയം ഡിസംബര്‍ 26ന് മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹ സത്ക്കാരമുണ്ട്.

Top