വാളയാർ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി..!! പ്രോസിക്യൂട്ടറെ പുറത്താക്കി, എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ സർക്കാർ പുറത്താക്കി. ഇന്ന് രാവിലെയാണ് പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും,​ ഉണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടയെടുക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ഇതില്‍ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കും. പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കുന്ന അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ നിയമിക്കും. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം കുടുംബം മുന്നോട്ടുവെച്ചാല്‍ അതിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top