ഭാര്യയെ വെട്ടിക്കൊന്ന സംഭവം; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  ഊന്നുകല്‍ തടിക്കുളം സ്വദേശിയും നമ്പൂരിക്കൂപ്പ് കാപ്പിച്ചാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആമക്കാട്ട് സജി ആന്റണി (42) ആണ് തൂങ്ങിമരിച്ചത്.പ്രിയയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തുടങ്ങിയ ഘട്ടത്തിലാണ് സജിയുടെ മരണവിവരം പോലീസ് അറിയുന്നത്.

നടപടികള്‍ക്കു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ ഡോ. മനോജ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി വീടിന് 100 മീറ്റര്‍ അകലെയുള്ള റബ്ബര്‍ത്തോട്ടത്തിലെ ആഞ്ഞിലിമരത്തിലാണ് തൂങ്ങിമരിച്ചത്. സംഭവ ശേഷം കാണാതായ സജിക്കായി പൊലീസും നാട്ടുകാരും പരിസരമാകെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജി ഒളിവില്‍ പോയതാണെന്നു കരുതി പൊലീസ് അന്വേഷണത്തിന് ഡോഗ് സ്‌ക്വാഡിന്റെയും ഫൊറന്‍സിക് വിദഗ്ദ്ധരുടെയും സഹായം തേടിയിരുന്നു.ഇരുവരും തമ്മിലുള്ള വഴക്കാണ് പ്രിയയുടെ കൊലപാതകത്തിലും സജിയുടെ തൂങ്ങിമരണത്തിലും എത്തിച്ചത്. സംഭവ ദിവസം രാവിലെ പ്രിയ പിതാവിനൊപ്പം ഊന്നുകല്‍ പോലീസില്‍ ഭര്‍ത്താവുമായുള്ള വഴക്കുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയിരുന്നു. പൊലീസ് വ്യാഴാഴ്ച രാവിലെ സജിയോട് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.തയ്യല്‍ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് പ്രിയ ചൊവ്വാഴ്ച വൈകിട്ട് 4നു മുമ്പ് വീട്ടിലെത്തിയിരുന്നു.

ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായാണ് സൂചന. പ്രിയ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് പ്രകോപിതനായ സജി പ്രിയയെ മക്കളുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെയും ബന്ധുക്കളുടെയും മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രിയയുടെ ശരീരത്തില്‍ പത്തിലധികം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴുത്തിനു പിന്നിലും തലയ്ക്കും നെഞ്ചിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടത്താന്‍ ഉപയോഗിച്ച വാക്കത്തി അടുക്കളയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

തടിക്കുളം വയലില്‍ കുടുംബാംഗമാണ് പ്രിയ. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ പ്രിയയുടെ മൃതദേഹം വൈകിട്ടും സജിയുടെ മൃതദേഹം രാത്രിയിലും ഊന്നുകല്‍ ലിറ്റില്‍ഫ്‌ളവര്‍ ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സ്ഥലത്ത് വന്‍ ജനാവലിയും എത്തിയിരുന്നു.

Top