ഉപയോഗിച്ച നാപ്കിന്‍ ടോയ്‌ലറ്റിന് പുറത്ത്; ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ത്ഥികളോട് ചെയ്തത് ക്രൂരത; മാപ്പ് പറഞ്ഞ് വൈസ് ചാന്‍സലര്‍

ഭോപ്പാല്‍: ഹോസ്റ്റല്‍ ശൗചാലയത്തിന് പുറത്ത് ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ മാപ്പ് പറഞ്ഞു. മധ്യപ്രദേശിലെ ഡോക്ടര്‍ ഹാരി സിംഗ് സര്‍വകലാശാലയിലെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ ശുചിമുറിക്ക് സമിപം ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തി എന്ന് പറഞ്ഞാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയത്.

ഹോസ്റ്റല്‍ വാര്‍ഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ സംഭവം വൈസ് ചാന്‍സലറിന് പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധിച്ചത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് വൈസ് ചാന്‍സലര്‍ ആര്‍പി തിവാരി പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥിനികളെ താന്‍ സ്വന്തം മക്കളെപ്പോലെയാണ് കരുതുന്നതെന്നും ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹോസ്റ്റല്‍ വാര്‍ഡനെതിരെ വൈസ്ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥിനികളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കില്‍ വാര്‍ഡനെതിരെ നടപടി എടുക്കുമെന്നും വൈസ്ചാന്‍സലര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു സംഭവവും ഹോസ്റ്റലില്‍ നടന്നിട്ടില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതരും വാര്‍ഡനും പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ വൈസ്ചാന്‍സലറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. തുടര്‍ന്ന് വൈസ്ചാന്‍സലര്‍ നേരിട്ട് ഹോസ്റ്റലില്‍ എത്തുകയും വാര്‍ഡനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

Top