തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. സംസ്ഥാന കമ്മിറ്റി യോഗത്തിൽ 16 സീറ്റ് ചോദിക്കാന്‍ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയാണ് മുന്നോട്ടുവെക്കുന്നത്. ഏഴ് മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ത്ഥികളെയും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിനു ചുള്ളിയിലിനെയും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയേയും പരിഗണിക്കണം. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഒന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പരിഗണിക്കണം.
ഇതിനിടെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലെത്തി ചര്‍ച്ചകള്‍ നടത്തും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വേഗത്തില്‍ ഒരുങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുവത്വത്തിനും അനുഭവസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കുമെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. കനഗോലുവിന്റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണായക മാനദണ്ഡമാകും.
മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വെച്ച് മിസ്ത്രി വിവിധ നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ആലോചന. ജനുവരി അവസാനത്തോടെ ആദ്യ പട്ടികയും ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
ദേശീയ നേതാക്കളടങ്ങിയ കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങുകളെങ്കിലും നടത്തേണ്ടി വരും. മുന്‍പ് കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ.ജെ. ജോര്‍ജ്ജ് തുടങ്ങിയ നിരീക്ഷകരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.










