അയാള്‍ പറഞ്ഞു: ‘നീ ഒരു പെണ്ണായെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്‌തേനെ’; സാറയിപ്പോള്‍ പെണ്ണാണ്; ഐ ടി പ്രൊഫഷണലായ മലയാളി ട്രാന്‍സ് വുമണിനെ പരിയപ്പെടാം

തിരുവനന്തപുരം: ആണിന് അല്ലെങ്കില്‍ പെണ്ണിന് നമ്മുടെ തൊഴിലിടങ്ങളെല്ലാം ഇവര്‍ക്ക് മാത്രമുള്ളതാണെന്ന പൊതുബോധത്തിന് മാറ്റം വരാന്‍ സമയമായിരിക്കുന്നു. സാറ ഷൈയ്ക്ക എന്ന ട്രാന്‍സ്‌ജെന്റര്‍ (ഇപ്പോള്‍ ട്രാന്‍സ് വുമണ്‍) ആ പൊതുബോധത്തിന് ഒരു അപവാദമാണ്. ഇന്നാട്ടില്‍ നിലനില്‍ക്കുന്ന ഈ പൊതുബോധത്തിന്റെ ചങ്ങല കണ്ണിയെ സാറ പൊട്ടിച്ചെറിഞ്ഞത് മാസങ്ങള്‍ക്ക് മുന്‍പാണ്. തിരുവനന്തപുരത്തെ പ്രമുഖ ഐ ടി കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ എന്ന കമ്പനിയില്‍ സാറ ജോലിയില്‍ പ്രവേശിച്ചത് തന്നെ താന്‍ ട്രാന്‍സ്‌ജെന്ററാണെന്ന ഐഡന്‍ഡിറ്റി തുറന്ന് പറഞ്ഞ് തന്നെയാണ് ഇപ്പോള്‍ ഈ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തിലാണ് ഈ മിടുക്കി ജോലി ചെയ്യുന്നത്.

ജോലിക്ക് കയറി മാസങ്ങള്‍ക്ക് ശേഷം സ്വന്തം കാലിലെത്തി എന്ന തിരിച്ചറിവ് വന്നതോടെ പിന്നെ പെണ്ണെന്ന പൂര്‍ണ്ണതയിലെത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ബാംഗ്ലൂരില്‍ നിന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം സാറ അടുത്ത ദിവസം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.

കൊല്ലത്തെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന സാറ തന്റെ സ്‌കൂള്‍ പഠനകാലത്ത് തന്നെ ഉള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പത്തിലേ ഡാന്‍സ് പഠിച്ച സാറ പെണ്ണായി അണിഞ്ഞൊരുങ്ങാനുള്ള ഒരവസരവും അന്ന് തൊട്ടെ കളഞ്ഞില്ല. കോളേജ് പഠനകാലത്ത് സാറക്കിഷ്ടം തോന്നിയ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകളാണ് അവളെ പൂര്‍ണ്ണമായി പെണ്ണായി മാറണമെന്ന ഉറച്ച തീരുമാനമെടുപ്പിച്ചത്. ‘നീ ഒരു പെണ്ണായിരുന്നെങ്കില്‍ എനിക്ക് നിന്നെ വിവാഹം കഴിക്കാമായിരുന്നു’ ഇതായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ മനസ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും പെണ്ണായി മാറുമെന്ന് ഉറച്ച തീരുമാനമെടുത്തത് അവിടെ വച്ചാണെന്ന് സാറ പറയുന്നു.

പിന്നെ മനസിരുത്തി പഠിച്ചു.ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കുറച്ച് കാലം ഗള്‍ഫില്‍ ജോലി ചെയ്തു. ‘ പെണ്ണായി നടക്കാന്‍ സ്വാതന്ത്ര്യം’ തരാത്ത നാട്ടില്‍ നിന്ന് ജോലി മതിയാക്കി പോരുകയായിരുന്നു. സ്വന്തം ഐഡന്‍ഡിറ്റി തുറന്ന് പറഞ്ഞതോടെ കുടുംബത്തെ സാറക്ക് നഷ്ടമായി. അതിനിടയിലാണ് യുഎസ് ടി ഗ്ലോബലില്‍ ജോലിക്ക് ചേരുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും തന്നെ ഇപ്പോഴും അകമഴിഞ്ഞ് സഹായിക്കുന്നുവെന്ന് പറയുന്നു.

എന്ത് പ്രതിബന്ധങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസം നേടണമെന്നാണ് സാറയ്ക്ക് എല്ലാ ട്രാന്‍സ്‌ജെന്റേഴ്‌സിനോടും പറയാനുള്ളത്. പണത്തിന് വേണ്ടി തനിക്ക് ഇത് വരെ സെക്‌സ് വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല. സ്വന്തം നിലപാട് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അംഗീകരിക്കാനും തന്റെ വിദ്യഭ്യാസം കൊണ്ട് സാധിച്ചെന്നാണ് സാറ പറയുന്നത്.

IMG-20171203-WA0011IMG-20171203-WA0012

വിവാഹം കുടുംബം എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡി – ‘എനിക്ക് ഇനിയും കടമ്പകളേറെയുണ്ട്, ഞാന്‍ പെണ്ണായി മാറി. ഇനി ഞാന്‍ എന്നെ തന്നെ ഒന്ന് സ്‌നേഹിച്ചോട്ടെ, കൊതി തീര്‍ന്നിട്ട് അത് ചിന്തിക്കാം’

സാറയ്ക്ക് നന്ദി പറയാനുള്ളത് ഒരാളോട് മാത്രമാണ്. ആക്ടിവിസ്റ്റും സ്റ്റേറ്റ് ട്രാന്‍സ്‌ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ സൂര്യയോട് മാത്രം. ‘അതെന്റെ അമ്മയാണ്, സ്വന്തം കുടുംബത്തിന് വേണ്ടെങ്കിലും എന്നെ ഇപ്പോള്‍ പരിപാലിക്കുന്ന എന്റെ അമ്മ’ സാറ പറഞ്ഞ് നിര്‍ത്തി

Latest
Widgets Magazine