
2026 നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തഹ്ലിയ വിജയിച്ചത്. തഹ്ലിയയ്ക്ക് 81,429 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ 76,342 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം. മോഹനൻ മാസ്റ്റർ 13,042 വോട്ടുകളും നേടി.
ഈ വിജയത്തോടെ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത എംഎൽഎയായി ഫാത്തിമ തഹ്ലിയ എത്തുന്നുവെന്നതാണ് പ്രത്യേകത.ലീഗിൻ്റെ ആദ്യ വനിതാ എംഎൽഎ എന്ന് നിലയിൽ നിയോഗമായി കാണുന്നുവെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. സർക്കാരിൻ്റെ അധികാര മോഹത്തിനുള്ള തിരിച്ചടി. പേരാമ്പ്രയിലേത് വർഗീയ പ്രചരണങ്ങൾക്കെതിരായ തിരിച്ചടി. പേരാമ്പ്ര മതേതര മണ്ഡലം. ലീഗിൻ്റെ ആദ്യ MLA എന്ന നിലയിൽ വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.
വാശിയേറിയ പോരാട്ടമാണ് ഇക്കുറി പേരാമ്പ്ര മണ്ഡലത്തിൽ നടന്നത്. വികസന വിഷയങ്ങൾക്കൊപ്പം വിവാദങ്ങളും മണ്ഡലത്തെ ശ്രദ്ധയിൽ നിറുത്തി. പ്രത്യേകിച്ച് ഫാത്തിമ തഹ്ലിയക്കെതിരെ ഉയർന്ന അനൗൺസ്മെന്റ് വിവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചയായിരുന്നു. എന്നിരുന്നാലും, അവസാനം ജനവിധി യുഡിഎഫിനൊപ്പമെന്നത് ഫലത്തിൽ വ്യക്തമായി.










