
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ 100 ഉരസുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്ത യുവാവിന് ഒരു വർഷത്തെ കഠിന തടവ്. 2017ൽ നടന്ന സംഭവത്തിലാണ് കോടതിയുടെ നിർണായക വിധിയുണ്ടായത്. 16കാരിയുടെ പരാതിയിൽ പോക്സോ പ്രകാരമാണ് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
മുംബൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലൈ 13 രാത്രി 8 മണിയോടെയാണ് പതിനാറുകാരിയോട് യുവാവ് മോശമായി പെരുമാറിയത്. അയൽവാസിയുമായി മാർക്കറ്റിൽ എത്തിയ പെൺകുട്ടിയെ പിന്തുടർന്ന് പ്രതി ശല്യം ചെയ്തു. പ്രതികരിച്ചതോടെ പ്രതി 100 രൂപ നോട്ട് ഉപയോഗിച്ച് ചുണ്ടിൽ ഉരസുകയും മോശം ഭാഷയിൽ സംസാരിച്ചെന്നുമാണ് പരാതി.
സംഭവം നടക്കുമ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. യുവാവിൻ്റെ മോശം പെരുമാറ്റം അമ്മയോട് പറയുകയും തുടർന്ന് അമ്മയ്ക്കൊപ്പം യുവാവിൻ്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. എന്നാൽ യുവാവ് മോശമായ ഭാഷയിൽ അമ്മയെ അധിക്ഷേപിക്കുകയായിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ വിശദമായ മൊഴിയും ആറ് സാക്ഷികളെയുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷൻ സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാത്തത് പ്രതിഭാഗം ചെയ്തെങ്കിലും ഫലമുണ്ടായില്ല. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ഇരയുടെ സാക്ഷിമൊഴി മാത്രം മതിയെന്നായിരുന്നു കോടതിയുടെ മറുപടി. ഇരയായ പെൺകുട്ടി ശക്തമായ സാക്ഷിയാണെന്നും കോടതി പറഞ്ഞു.