സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിംഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ.
‘ലിച്ചി’ എന്ന വിളിപ്പേരിൽ ശ്രദ്ധേയമായ താരം സിനിമയേക്കാൾ ഉദ്ഘാടന വേദികളിലാണ് നിറസാനിധ്യമായി കാണാറുള്ളത്. എന്നാൽ പൊതുവേദിയിൽ എത്തുന്ന താരത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടാകാറുള്ളത്. താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് ഇതിൽ മിക്കതും. വസ്ത്രത്തിന്റെ ‘ഫിറ്റിങ്’ സംബന്ധിച്ചും, ‘ശരീരത്തെ എടുത്തു കാണിക്കുന്നു’ എന്ന രീതിയിലുള്ള വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരുമായി സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ച് എത്തിയ താരത്തിന്റെ വീഡിയോക്ക് താഴെ ‘എക്സ്ട്രാ ഫിറ്റിങ് വയ്ക്കാൻ മറന്നോ’? എന്ന രീതിയിൽ പരിഹസിച്ച് കമന്റിട്ടിരുന്നു. എന്നാൽ ഇത്തരം വിമർശകർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ശരീരഭാരം കുറച്ചാണ് താരം മറുപടി നൽകിയിരിക്കുന്നത്. എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും പറഞ്ഞുകൊണ്ട് താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി കുറിപ്പിൽ പറയുന്നുണ്ട്. ഒടുവിൽ താൻ അത് നേടിയെടുത്തുവെന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. തടികുറച്ചപ്പോൾ ചെറുപ്പമായതുപോലെ തോന്നുന്നുവെന്നും, ഇപ്പോൾ ഏറെ ആത്മവിശ്വാസം അനുഭവപ്പെടുന്നുവെന്നും താരം പറയുന്നു.
താൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ലെന്നും ഭാരം കുറയ്ക്കാൻ വേണ്ടി ഒരുപാട് പരിശ്രമിച്ചുവെന്നുമാണ് നടി പറയുന്നത്. ഇപ്പോൾ താൻ ഭാരം കുറച്ചുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും താരം കുറിപ്പിൽ പറയുന്നു. താൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. ഇപ്പോഴും താൻ തന്റെ ലക്ഷത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എക്സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന കമന്റ് താൻ ആസ്വദിച്ചുവെന്നാണ് താരം പറയുന്നത്.
തന്നെ വച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോട് താൻ ഇതുവരെ നിശബ്ദത പാലിച്ചത് ഉത്തരമില്ലാത്തതുകൊണ്ടല്ലെന്നും ആ കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് തനിക്കറിയാമെന്നും താരം പറയുന്നു. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.











