രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തെരച്ചില്‍.

ന്യുഡൽഹി:രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ കൂട്ടാളികളായ രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഡാര്‍ക് വെബ്ബിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരരുമായി ആശയ വിനിമയം നടത്തിയിരുന്നത്.

കൂടുതല്‍ അല്‍ ഖ്വയ്ദ ഭീകരര്‍ക്ക് വലവിരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. പിടിലായവരുമായി ബന്ധമുള്ളവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ മറ്റുഭീകര ഗ്രൂപ്പുകളുമായി ഇവര്‍ ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഡല്‍ഹി, ബീഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഇവര്‍ ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഭീകരര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം കൊച്ചിയില്‍ അല്‍ ക്വയ്ദ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളം ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ക്കു സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന് സംശയവുമായി അന്വേഷണസംഘവും . രഹസ്യ സൈബര്‍ ബന്ധങ്ങളുള്ള നൂറ്റമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്. പിടിയിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൊെബെല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി. അറസ്റ്റിലായ ഭീകരരെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ സംസ്ഥാന പോലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെല്ലാം രേഖകള്‍ പ്രകാരം ബംഗാള്‍ സ്വദേശികളാണ്. ബംഗാളിയിലാണു സംസാരിക്കുന്നത്. ഇനിയും തിരിച്ചറിയാത്ത ചിലരും സംഘത്തിലുണ്ടെന്നു സൂചന ലഭിച്ചതോടെ ഡല്‍ഹിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തവരെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നു.

അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദ സംഘത്തിലെ പ്രധാനിയെന്ന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരുമായി ബന്ധമുള്ള പത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. ശനിയാഴ്ച അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍, മൊസാറഫ് ഹോസന്‍, യാക്കൂബ് ബിശ്വാസ് എന്നിവരെ ഇന്നലെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ ആറു പേരെയും ഡല്‍ഹിയിലെത്തിക്കുമെന്നാണു വിവരം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള അല്‍ ക്വയ്ദ ഭീകരര്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിനു ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. കഴിഞ്ഞ 11-നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലെത്തിയത്.

രാജ്യവ്യാപകമായി സ്‌ഫോടനങ്ങള്‍ നടത്താന്‍ അല്‍ ക്വയ്ദ സംഘം പദ്ധതിയിട്ടിരുന്നതായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനുള്ള അനുമതി തേടി എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച ട്രാന്‍സിറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്‌ഫോടനങ്ങള്‍ നടപ്പാക്കുന്നതിനു പണം സമാഹരിക്കാനും കൂടുതല്‍ പേരെ ഭീകരസംഘടനയിലേക്കു റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമിച്ചിരുന്നു.

Top