
ചങ്ങനാശേരി: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ അഹമ്മദ് നസീര്‍ ഒസ്മാനിയാണ് ചങ്ങനാശേരിയില്‍ അറസ്റ്റിലായത്.
അഫ്ഗാനില്‍നിന്ന് മെഡിക്കല്‍ വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞിട്ടും തിരികെപ്പോകാതെ ഇന്ത്യയില്‍ കഴിയുകയായിരുന്നു. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിഞ്ഞശേഷം ചങ്ങനാശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലില്‍ താമസിച്ച് ജോലിചെയ്തു വരുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
അനധികൃത കുടിയേറ്റത്തിനും വിസാ നിയമലംഘനത്തിനും ഇയാള്‍ക്കെതിരേയും വേണ്ടത്ര രേഖകളില്ലാതെ വിദേശപൗരനെ താമസിപ്പിച്ചതിന് ഹോട്ടല്‍ ഉടമയ്‌ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശപൗരന്‍ കഴിയുന്നതായി കണ്ടെത്തിയത്.