ക്രൈം ഡെസ്‌ക്
കൊച്ചി: നഗരമധ്യത്തിൽ ഓടുന്ന വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട സംഭവം കൃത്യമായ ഗുഡാലോചനയോടെ നടപ്പാക്കിയതെന്ന ആരോപണവുമായി ദിലീപ് കോടതിയിൽ. നടി ആക്രമിക്കപ്പെടുമ്പോൾ കാറിനുള്ളിൽ മലയാളത്തിലെ പ്രമുഖ നടിയുണ്ടായിരുന്നെന്നു ഇവരുടെ പേരു സഹിതമാണ് മുദ്രവച്ച കവറിൽ ദിലീപ് ആരോപിച്ചിരിക്കുന്നത്. കേസിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യണമെന്നും, പൾസർ സുനി അടക്കമുള്ള പ്രതികളെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന ആവശ്യവുമാണ് ഇപ്പോൾ ദിലീപ് കോടതിയിൽ ഉന്നയിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മലയാളത്തിലെ പ്രമുഖ നടി കൊച്ചി നഗരമധ്യത്തിൽ ഓടുന്ന കാറിൽ ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നടൻ ദിലീപ് അറസ്റ്റിലാകുകയും, 85 ദിവസത്തോളം ജയിലിൽ കഴിയുകയും ചെയ്തു. ഇതിനിടെയാണ് ദിലീപ് കേസിൽ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഴിഞ്ഞ ദിവസം ദിലീപ് നൽകിയ ഹർജിയും, കൂട്ടു പ്രതിയുടെ വെളിപ്പെടുത്തലുമെല്ലാമാണ് ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഈ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കേസിൽ നിന്നും വിടുതൽ ഹർജി ആവശ്യപ്പെട്ട് ദിലീപ് ആദ്യം വിചാരണ കോടതിയിൽ അപ്പീൽ നൽകും. ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ സ്വീകരിച്ച അതേ നടപടികൾ തന്നെയാണ് ദിലീപ് ഈ കേസിലും സ്വീകരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. കേസിൽ കൃത്യമായ ഇടപെടൽ നടത്തി കൃത്യമായ വാദമുഖങ്ങൾ ഉയർത്തി വിചാരണ കോടതിയിൽ തന്നെ തന്റെ നിരപരാധിത്യം തെളിയിക്കുന്നതിനാണ് ദിലീപ് ഇപ്പോൾ നീക്കം നടത്തുന്നത്. ഈ നീക്കത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കേസ് ഹൈക്കോടതിയിലേയ്ക്കു എത്തിക്കാനുള്ള തന്ത്രം ഒരുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട നടിയോടൊപ്പം കാറിനുള്ളിൽ മറ്റൊരു പ്രമുഖ നടിയുണ്ടായിരുന്നു എന്ന വാദമാണ് ദിലീപ് ഉയർത്തുന്നത്. ഇവർ തന്നെയാണ് കേസിൽ ദിലീപിനെതിരെ നിർണ്ണായക മൊഴി നൽകിയിരിക്കുന്നത്. ദിലീപ് ആരോപണം ഉന്നയിച്ച നടിയും, ഇരയാക്കപ്പെട്ട നടിയും തമ്മിലുള്ള ഫോൺ കോൾ വിശദാംശങ്ങളും കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ് മൂലത്തിലുണ്ടെന്നാണ് സൂചന. ഇത്തരം വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ദിലീപ് ഡൽഹിയിൽ നിന്നുള്ള സ്വകര്യ ഡിറ്റക്ടീവ് ഏജൻസിയുടെ സഹായവും തേടിയിരുന്നു.


