ഉണ്ടകൾ എവിടെ ?രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് കെ സുരേന്ദ്രൻ.

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരേ അതീവ ഗുരുതര കണ്ടെത്തലുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.തിരുവനന്തപുരത്തെ സായുധ കാമ്പിൽ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന പോലീസ് സേനയിൽ നടക്കുന്നത്.

വെടിയുണ്ടകളും തോക്കുകളും ആരിലേക്കാണ് പോയതെന്നത് ഗൗരവമുള്ള വിഷയമാണ്. പോലീസിൽ ഒരു വിഭാഗം മത ഭീകരരെ സഹായിക്കുന്നുണ്ട് .ഭീകരവാദ ശക്തികളിലേക്കാണോ ആയുധങ്ങൾ പോയതെന്നത് പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പ്രതിസ്ഥാനത്ത് പൊലീസും ആഭ്യന്തരവകുപ്പും ആയതുകൊണ്ട് എൻ ഐ എ അന്വേഷിക്കണം. പോലീസിന്റെ നവീകരണത്തിന് കേന്ദ്രത്തിൽ നിന്ന് വന്ന കോടികൾ കൊള്ളയടിക്കപ്പെട്ടു. മന്ത്രിമാരേക്കാൾ വലിയ കൊള്ളയാണ് പോലീസ് ഉദ്യോഗസ്ഥർ നടത്തുന്നത്. സാധാരണ ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഉണ്ടാക്കാനുള്ള തുകപോലും ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി വകമാറ്റി.

ആഭ്യന്തര മന്ത്രി പിണറായി വിജയന് കീഴിൽ പൊലീസ് നാഥനില്ലാ കളരിയാവുകയാണ്. ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം ഡിജിപിക്ക് മാത്രമല്ല ഉള്ളത്. ഇത്രയധികം ഗൗരവമുള്ള കാര്യമായിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നത് വളരെ ലാഘവത്തോടെയാണ്. സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പകരം വെടിയുണ്ടകൾ വെച്ചു സംഭവം മറച്ചുവെക്കാൻ നോക്കിയത് വെടിയുണ്ടകൾ നഷ്ടപ്പെട്ട സംഭവത്തോളം പ്രധാനമാണ്. കാവൽക്കാരായിരിക്കേണ്ടവർ തന്നെ തട്ടിപ്പ് നടത്തുകയാണ്. പത്രക്കാരോട് സാധാരണ സംസാരിക്കുന്ന ഡിജിപി ഈ വിഷയങ്ങളിൽ മറുപടി പറയാത്തത് സംശയമുണ്ടാക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ചട്ടങ്ങളെല്ലാം ലംഘിച്ചാണെന്നാണ് സിഎജി കണ്ടെത്തി. തിരുവനന്തപുരം സായുധ ക്യാംപിലെ 12061 വെടിയുണ്ടകള്‍ കാണാനില്ല. 25 തോക്കുകള്‍ കാണാതായെന്നു റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് എ.ആര്‍ ക്യാംപിലേക്കു നല്‍കിയതാണെന്നാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

Top