മാണിക്യ മലരായ പൂവിനെതിരെ നിയമ നടപടി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

ഹൈദരാബാദ്: പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ചില വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു.

അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.

ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പാട്ടിലെ വരികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലാണ് പാട്ടില്‍ നായികയുടെ ഭാവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമൊക്കെ പരാതി നല്‍കിയ യുവാവ് പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്ന അദ്‌നാന്‍ പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമയും പങ്ക് വെച്ചിരുന്നു. പാട്ട് ഒരുക്കിയവര്‍ക്കെതിരെയാണ് പരാതിയെന്നും നായികക്കെതിരെ അല്ലെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ പരാതി നല്‍കിയ യുവാക്കള്‍ക്കെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. പ്രശസ്തി നേടാനായുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും പരാതിപ്പെടാന്‍ മാത്രം പാട്ടില്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

ഗാനത്തിന്റെ വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയികഴിഞ്ഞു.

Top