തിരുവനന്തപുരം: യുഡിഎഫിൻ്റെ മിന്നും ജയത്തിന് പിന്നാലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിനെത്തിയ വനിതാ പ്രവർത്തകരെ ആലിംഗനം ചെയ്ത വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ് . തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
തൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണമെന്നും ചെറിയാൻ ഫിലിപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച വീഡിയോ ഏറെ വിവാദമായ സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. വിജയലഹരിയിൽ പരിസരബോധം മറന്നെന്ന പേരിലാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്ന് പറയുന്നുണ്ട്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടെന്നും തനിക്ക് സാന്ത്വനമരുളിയ അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേയ്ക്ക് നേതാക്കൾ എത്തിയ സമയത്ത് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് നിർബന്ധപൂർവ്വം ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ ആദ്യമായാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നത്.
പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻ്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.










