കല്‍ക്കരിപ്പാടം:മന്‍മോഹനെ പ്രതിചേര്‍ക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ന്യുഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് സി.ബി.ഐ കോടതിയില്‍ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കേസിലെ പ്രതിയുമായ മധു കോഡ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മന്‍മോഹന്‍ സിംഗിനെ ആരോപണവിധേയനായി കണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.  കേസില്‍ മന്‍മോഹന്‍ പ്രതിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്ന് സി.ബി.ഐ നേരത്തേ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് സപ്തംബര്‍ 28-ന് പ്രത്യേകജഡ്ജി ഭരത് പരാശര്‍ കോഡയുടെ അപേക്ഷ ഉത്തരവിനായി മാറ്റിവെക്കുകയായിരുന്നു.
ജാര്‍ഖണ്ഡിലെ അമര്‍കൊണ്ട മുര്‍ഗദംഗല്‍ കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ ഗ്രൂപ്പിന് കീഴിലെ കമ്പനികള്‍ക്ക് കൈമാറിയതില്‍ അഴിമതി നടന്നുവെന്നാണ് മധു കോഡയുള്‍പ്പെടെ 15 പേര്‍ക്കെതിരെയുള്ള കേസ്. ഈ കേസില്‍ കോഡയ്ക്കു പുറമെ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ നവീന്‍ ജിന്‍ഡാല്‍, മുന്‍കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
കല്‍ക്കരിപ്പാട കൈമാറ്റം പ്രധാനമന്ത്രിയുടെ അറിവോടെയല്ലാതെ നടക്കില്ലെന്നാണ് മധു കോഡ അപേക്ഷയില്‍ കുറ്റപ്പെടുത്തിയത്. ആ കാലയളവില്‍ കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല മന്‍മോഹന്‍സിങ്ങാണ് വഹിച്ചിരുന്നത്. മുന്‍കല്‍ക്കരിസഹമന്ത്രി ദാസരി നാരായണ റാവുവിന്റെ അറിവോടെയാണ് കൈമാറ്റം നടന്നതെന്ന് സി.ബി.ഐ കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയും ഗൂഢാലോചനയില്‍ പങ്കാളിയാകാമെന്ന് കോഡയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സി.ബി.ഐ ഇതിനെ കോടതിയില്‍ ഖണ്ഡിച്ചു.
Top