
തിരുവനന്തപുരം :കോൺഗ്രസ് ഡിസിസി പട്ടിക അനന്തമായി നീളുകയാണ് .കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചർച്ചകളില്‍ തർക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡൽഹിക്ക് പോകും .പട്ടിക സംബന്ധിച്ച് സംസ്ഥാന തലത്തിലെ അവസാനവട്ട ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പല ജില്ലയിലും ഒറ്റപേരിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് ചെന്നെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് ഇപ്പോഴും ഒന്നിലേറെ പേരുകള്‍ ഉണ്ട്. അത് ഒറ്റപ്പേരിലേക്ക് എത്തിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ദില്ലിക്ക് പോവും.കെ.പി.സി.സി സമർപ്പിച്ച പട്ടികയിൽ ഹൈക്കമാന്‍ഡ് നിർദേശങ്ങൾ കൂടി പരിഗണിച്ച് ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ ധാരണ സൃഷ്ടിക്കുകയാണ് സുധാകരന്‍റെ ലക്ഷ്യം.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമർപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കൾക്ക് കൂടുതൽ പരിഗണന വേണമെന്ന നിർദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താൽ പട്ടികയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുക്കാൻ കെ.പി.സി.സി പട്ടിക ഇതേപടി അംഗീകരിക്കാൻ ഇടയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഡൽഹിക്ക് പോകാൻ കെ സുധാകരൻ ആലോചിക്കുന്നത്. ഇന്നോ നാളയോ സുധാകരൻ ഡൽഹിക്ക് പോകുമെന്നാണ് സൂചനകൾ.
ഇതിനിടയിൽ മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാന്‍ഡ് തുടരും. ഇതും പ്രഖ്യാപനം വൈകുന്നതിന് ഇടയാക്കുന്നു. എന്നാൽ പ്രഖ്യാപനം ഇനിയും വൈകരുതെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷനും വർക്കിങ്ങ് പ്രസിഡന്‍റുമാരുമുള്ളത്. ഗ്രൂപ്പുകളാവട്ടെ പൂർണ അവഗണന ഉണ്ടായാൽ സംസ്ഥാന നേതൃത്വത്തോട് നിസഹകരണത്തിലേക്ക് കടക്കുമെന്ന കടുത്ത നിലപാടിലാണ്.
സംസ്ഥാന തലത്തില്‍ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ നടത്തിയെങ്കിലും ഇക്കാര്യത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുണ്ടാവില്ലെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് കൂടിക്കാഴ്ച. തിരുവനന്തപുരം ഉള്‍പ്പടേയുള്ള ജില്ലകളില്‍ ഒറ്റപ്പേരില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ ചര്‍ച്ചകള്‍. മൂന്ന് പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള സാധ്യതപട്ടികയില്‍ ഉള്ളത്. ജിഎസ് ബാബു, കെസ് ശബരീനാഥന്‍, ആര്‍വി രാജേഷ്, പാലോട് രവി എന്നിവരാണ് പട്ടികയിലുള്ളത്. ഇതില്‍ ജിഎസ് ബാബു ശശി തരൂരിന്‍റെ നോമിനിയാണ്.