ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ്.ഇന്ത്യയിലെ കോവിഡ് കേസുകളിൽ വർധന, നിലവിലെ സജീവ കേസുകളുടെ എണ്ണം 2710 കടന്നു. കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ദ്ധനയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മതിയായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തണം. വലിയ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരിശോധന, ചികില്‍സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവ കൃത്യമായി ഒരുക്കണം. പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കണം. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗവ്യാപനം തടയാനുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്നും ആരോഗ്യമന്ത്രാലയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ അണുബാധകൾ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലെ കണക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
മെയ് 25ന് അവസാനിച്ച ആഴ്‌ചയിൽ മാത്രം രാജ്യത്തെ അണുബാധകൾ അഞ്ചിരട്ടിയായി വർധിച്ച് 1000 കടന്നിരുന്നു. കണക്കുകൾ പ്രകാരം കേരളത്തിൽ 1147 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്ര (424), ഡൽഹി (294), ഗുജറാത്ത് (223) എന്നിവയും കേരളത്തിന് തൊട്ടുപിന്നിലുണ്ട്. കർണാടകയിലും തമിഴ്‌നാട്ടിലും 148 കേസുകൾ വീതവും പശ്ചിമ ബംഗാളിൽ 116 കേസുകളും റിപ്പോർട്ട് ചെയ്‌തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ മരണസംഖ്യ 22 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് ഇതുവരെ കോവിഡ് ബാധ മൂലം റിപ്പോർട്ട് ചെയ്‌തത്. മിക്ക കോവിഡ് കേസുകളും നേരിയ തോതിൽ മാത്രമേ ലക്ഷണങ്ങൾ പ്രകടമായതുള്ളൂ.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് സംസ്ഥാനത്ത് കാര്യക്ഷമമായി കൂടുതൽ പരിശോധനകൾ നടത്തിയതുകൊണ്ടാകാം എന്നാണ് വിലയിരുത്തൽ. കൂടാതെ അവസാനമായി റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസിന് ഏഴ് മാസത്തിന് ശേഷമാണ് മിസോറാമിൽ രണ്ട് കോവിഡ് കേസുകൾ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിനിടെ രണ്ട് പുതിയ ഒമൈക്രോൺ ഉപ വകഭേദങ്ങൾ , LF.7 ഉം NB.1.8.1 ഉം രാജ്യത്തെ കോവിഡ് കേസുകളിലെ ഈ പെട്ടെന്നുള്ള വർധനവിന് കാരണമായെന്നാണ് കരുതപ്പെടുന്നത്.










