ക്രൈം ഡെസ്‌ക്
കൊച്ചി: സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നതനായ നേതാവിന്റെ മകൻ കോടികളുടെ തട്ടിപ്പുകേസിൽ കുടുങ്ങിയത് പാർട്ടിക്കു കനത്ത തിരിച്ചടിയാകുന്നു. പാർട്ടിക്കുള്ളിൽ പോലും ചർച്ച ചെയ്യാതെ രഹസ്യമായി വച്ചിരുന്ന വിഷയം ഇപ്പോൾ പുറത്തെത്തിയതിനു പിന്നിൽ കണ്ണൂർ ലോബിയിലെ വിഭാഗീതയും തമ്മിലടിയുമാണെന്നാണ് സൂചന. ജയരാജൻമാരെ ഒതുക്കാൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ശ്രമിച്ചതിനുള്ള താക്കീത് കൂടിയാണ് ഇപ്പോൾ പുറത്തു വന്ന വാർത്തയെന്നാണ് റിപ്പോർട്ട്. പാർട്ടി സമ്മേളന കാലത്ത് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവിനെ തന്നെ കുടുക്കിയെത്തിയ വാർത്ത സിപിഎമ്മിലെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ പിടിച്ചു കുലുക്കുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.
ആഡംബരകാർ വാങ്ങാനും ബിസിനസ് ആരംഭിക്കാനുമായി നൽകിയ പണവും പലിശയും ചേർത്ത് 13 കോടി പറ്റിച്ചു എന്നരാപോചിച് ദുബായിലെ ഒരു സ്ഥാപനം ഉന്നതനായ ഒരു സിപിഎം നേതാവിന്റെ മകനെതിരെ പരാതി നൽകിയെന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റിന് നീക്കം നടത്തുന്നു എന്നുമാണ് മനോരമ ഇന്ന് റിപ്പോർട്ട് ചെയ്തത്. മനോരമാ വാർത്തയിൽ നേതാവിന്റെ പേരില്ലെങ്കിലും വാർത്തയിലെ സൂചനകൾ മുഴുവൻ ഉന്നം വയ്ക്കുന്നത് സിപിഎമ്മിന്റെ നിലവിലെ കണ്ണൂരിലെ ഏറ്റവും മുതിർന്ന നേതാവിന്റെ മകനെ തന്നെയാണ്. രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റ് അടക്കമുള്ള പദവികളിൽജോലി ചെയ്ത് ദുബായിൽ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ നേതാവിന്റെ മകൻ ഒരു വർഷത്തിൽ അധികമായി ദുബായിലേക്ക് പോകുന്നില്ല.
മനോരമയിൽ ഡൽഹിയിൽ നിന്ന് ജോമി തോമസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ് എന്നാണ് വാർത്തയുടെ തുടക്കത്തിൽ വിശദീകരിക്കുന്നത്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.
തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം.
തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മെയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
വാർത്തയിൽ പേരു പറയുന്നില്ലെങ്കിലും സൂചനകളെല്ലാം കോടിയേരിയുടെ മകനെതിരെയാണ് നീങ്ങുന്നത്. സിപിഎമ്മിൽ പാർട്ടി സമ്മേളനങ്ങൾ സജീവമാകുമ്പോഴാണ് മനോരമ ഈ വാർത്തയുമായെത്തുന്നത്. ഈ നേതാവിന്റെ മകനെ ഇന്റർപോൾ അറസ്റ്റ് ചെയ്താൽ അത് വലിയ രാഷ്ട്രീയ പ്രശ്നമായി മാറും. ഇതിലേക്ക് കാര്യങ്ങളെത്തുന്നുവെന്ന സൂചന


