മുന്നണി മാറ്റം തടഞ്ഞത് മന്ത്രി റോഷിയോ ? മുന്നണി മാറ്റം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടായില്ല; ഇത് ബൂർഷ്വാ പാർട്ടിയല്ല എന്ന് ജോസ് കെ മാണി.സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം കേരളാ കോണ്‍ഗ്രസില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തുന്നു.

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റനീക്കത്തെ തകര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സ പിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. സിപിഎം നേതാവിന്റെ ഈ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടി ഏതെങ്കിലും മുന്നണിയിലേക്ക് പോവുന്നുണ്ടെങ്കിലും അത് അഞ്ച് എംഎല്‍എമാര്‍ ഒരുമിച്ചായിരിക്കുമെന്നും എന്നാല്‍ മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെനുമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രതികരണം. സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ശബ്ദരേഖയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിനയായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി അല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം വായിച്ചവര്‍ അങ്ങനെ പറയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

‘സി വി വര്‍ഗീസ് അങ്ങനെ പറയും എന്ന് കരുതുന്നില്ല. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടില്ല. പിണറായിയും കോടിയേരിയുമാണ് ഞങ്ങളെ മുന്നണിയില്‍ കൊണ്ടുവന്നത്. കത്തോലിക്കാ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ല’, ജോസ് കെ മാണി പറഞ്ഞു. മുന്നണി മാറ്റത്തില്‍ പാര്‍ട്ടി മുമ്പ് നിലപാട് അറിയിച്ചതാണെന്നും ചില വാര്‍ത്തകര്‍ മാധ്യമ സൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ മുന്നണി മാറില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സി വി വര്‍ഗീസിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റിയില്‍ സി വി വര്‍ഗീസ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

ശരിയായ നിലപാടെടുക്കാന്‍ റോഷി അഗസ്റ്റിന് സിപിഐഎമ്മാണ് പിന്‍ബലം നല്‍കിയതെന്നും സി വി വര്‍ഗീസ് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്നും ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിവിടുന്നുവെന്ന വാര്‍ത്തകള്‍ പരക്കുകയും കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് നേതൃത്വവുമായി മുന്നണി മാറ്റ ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ശക്തമായ എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അത്തരത്തിലൊരു ചര്‍ച്ച ആരുമായും നടത്തിയിട്ടില്ലെന്നും, ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്റെ പ്രതികരണവും വന്നു. കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് മുന്നണി മാറ്റമില്ലെന്നും മറ്റു ചര്‍ച്ചകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ നിഷേധിച്ച് രംഗത്ത് വന്നത് മന്ത്രി റോഷി അഗസ്റ്റിനായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എം യു ഡി എഫിലേക്ക് തിരികെ പോയാല്‍ രണ്ട് എം എല്‍ എമാര്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് മുന്നണി മാറ്റചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. പാര്‍ട്ടി പിളരുമെന്ന സ്ഥിതി വന്നതോടെയാണ് ജോസ് കെ മാണി യൂടേണ്‍ എടുത്തതെന്നായിരുന്നു പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ വ്യക്തമാക്കിയത്. ഇത് ശരിവെക്കുന്നതാണ് ,സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം.

Top