പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് ഡിസ് ലൈക്ക് പെരുകി! ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി.

ന്യൂഡല്‍ഹി: ചൊവ്വാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് ഡിസ് ലൈക്കുകളുടെ പെരുമഴ. അനിയന്ത്രിതമായി ഡിസ് ലൈക്കുകള്‍ എത്തിയതോടെ ആ ബട്ടണ്‍ തന്നെ ഓഫ് ചെയ്ത് തടിതപ്പുകയായിരുന്നു ബി.ജെ.പി.

ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രോഗവ്യാപനം ആരംഭിച്ചതിന് ശേഷം ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കഴിഞ്ഞ 7-8 മാസങ്ങളിലായി ഓരോ ഇന്ത്യക്കാരും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ശ്രമം നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുണ്ടായെങ്കിലും കൊവിഡ് ഭീഷണി തുടരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഉല്‍സവക്കാലത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് മോദി പറഞ്ഞത്. അതേസമയം, വീഡിയോ വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ് ലൈക്കുകള്‍ വരികയായിരുന്നു. ഇതോടെയാണ് ഡിസ് ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്.

ഡിസ് ലൈക്ക് ബട്ടണ്‍ മാറ്റിയതോടെ കമന്റ് ബോക്‌സിലും ട്വിറ്ററിലും പ്രതിഷേധം ശക്തമായിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ സംഭാഷണ പദ്ധതിയായ മന്‍ കി ബാത്തിലും ഇത്തരത്തില്‍ സംഘടിതമായ ഒരു ആക്രമണമുണ്ടായിരുന്നു. നീറ്റ് പരീക്ഷ മാറ്റി വയ്ക്കാത്ത പശ്ചാത്തലത്തിലാണ് അന്ന് ആക്രമണം നേരിട്ടത്.

Top