സ്വന്തം ലേഖകൻ
ചിക്കമംഗളൂരൂ: മുസ്ലീംങ്ങളെ ഇഷ്ടമാണെന്നു വാട്‌സ്അപ്പ് ചാറ്റിൽവെളിപ്പെടുത്തിയ പെൺകുട്ടിയ്ക്കു യുവമോർച്ചാ നേതാവിന്റെ ഭീഷണി. വാട്‌സ്അപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടി ഒടുവിൽ ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് അറസ്റ്റിൽ. കർണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശിനി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവമോർച്ച നേതാവ് അനിൽ അറസ്റ്റിലാവുന്നത്.
മൂന്ന് ദിവസം മുൻപാണ് പെൺകുട്ടിയെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പ്രദേശത്തെ ഒരു സ്വകാര്യ കോളജിലെ ബികോം വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. സന്തോഷ് എന്ന യുവാവുമായി പെൺകുട്ടി വാട്ട്സാപ്പിൽ ചാറ്റ് ചെയ്തതിന്റെ ചില സ്‌ക്രീൻ ഷോട്ടുകൾ അടുത്തിടെ ചിക്കമംഗലൂരു ഭാഗങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
‘എനിക്ക് മുസ്ലിംങ്ങളെ ഇഷ്ടമാണെന്നും നിങ്ങൾ ആരാണ് എന്റെ ജീവിതത്തിൽ അഭിപ്രായം പറയാനെന്നുമായിരുന്നു’ ധന്യശ്രി ചാറ്റിംഗിൽ സന്തോഷിനോട് പറഞ്ഞത്. എന്നാൽ ഈ ചാറ്റിംഗിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി സമുദായ സംഘടനകളുടെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇത് കൂടാതെ നിരവധി ബജ്റംഗ്ദൾ പ്രവർത്തകർ ധന്യശ്രീയുടെ പിതാവിനോട് മകളെ നല്ല രീതിയിൽ വളർത്തണം എന്ന തരത്തിൽ സംസാരിച്ചിരുന്നു.
വ്യാപകമായ സൈബർ ആക്രമണത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യയെ തുടർന്ന് ധന്യശ്രീയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അനിലിനെ അറസ്റ്റ് ചെയ്യുന്നത്. അതേ സമയം പെൺകുട്ടി ചാറ്റ് ചെയ്ത സന്തോഷ് ആരാണെന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ഇതുവരെയായും ലഭിച്ചിട്ടില്ല.


