വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു- ശ്യാമപ്രസാദ്

വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന് പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്.അത്തരം കാഴ്ചപ്പാടുകൾ ഈ രംഗത്ത് വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.സമാന്തര സിനിമകളെ അംഗീകരിക്കാന്‍ വിതരണക്കാർ കൂടി ശ്രമിച്ചാല്‍ മാത്രമേ ഈ രംഗത്തിന് വളർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് രണ്ടാംദിവസ മീറ്റ് ദി ഡിറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാല്‍ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ആള്‍ ദിസ് വിക്ടറിയുടെ സംവിധായകന്‍ അഹമ്മദ് ഗോസൈന്‍ പറഞ്ഞു. മനോജ് കാന കൃഷ്ണാന്ദ്,ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളി ചന്ദ്,മീരാ സാഹിബ്,ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം

ലെനിന്‍ രാജേന്ദ്രനും എം.ജെ. രാധാകൃഷ്ണനും ചലച്ചിത്രമേളയുടെ ആദരം.ലെനിന്‍ രാജേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ്.ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദർശനം കാണാൻ ലെനിൻ രാജേന്ദ്രന്റെ കുടുബാംഗങ്ങളും എം.ജെ രാധാകൃഷ്ണന്റെ ഭാര്യ ശ്രീലതയും എത്തിയിരുന്നു.
ചിത്രത്തിനു മുന്നോടിയായി എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണ ജീവിതം ആസ്പദമാക്കി ഗിരീഷ് ബാലകൃഷ്ണൻ തയ്യറാക്കിയ ‘പ്രകാശം പരത്തിയ ക്യാമറ’എന്ന പുസ്തകം സംവിധായകന്‍ ജയരാജ് രഞ്ജി പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.സംവിധായകരായ സിബി മലയില്‍, ജയരാജ്, കമല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.

Top