കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്; സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടങ്ങി

ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക് കടക്കുന്നു. ഇതോടെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടങ്ങി. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഇന്ന് സംസ്ഥാനത്ത് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു. ഇനിയൊരു സഖ്യ സര്‍ക്കാരിനുള്ള സാധ്യതയില്ലെന്ന് മറ്റു പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുരക്ഷ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ദോവല്‍, ഐബി മേധാവി, ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറന്‍ഗസേബിന്റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് കശ്മീരിലെത്തുന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് വിവിധ വിഘടനവാദി സംഘടകള്‍ സംയുക്തമായി സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഹാരിയുടെ വധത്തിലും കഴിഞ്ഞ ദിവസം സൈനിക വെടിവെപ്പില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ചാണ് സമരം.

Top