നടൻ ജോജു ജോർജിനെതിരെ ആക്രമണം;കോൺഗ്രസ് നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ.കാര്‍ തകര്‍ത്ത പ്രതികളെ തിരിച്ചറിഞ്ഞു, ഉടനെ പിടികൂടുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍. മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല.

കൊച്ചി: നടൻ ജോജു ജോർജിനെതിരെ ആക്രമണം നടത്തിയവരില്‍ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് . ജോജുവിന്‍റെ വാഹനം തകർത്തതിന് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും അറസ്റ്റു ചെയ്യുകയെന്നും കാറ് തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. നേരത്തെ പ്രതികളെ തിരിച്ചറിയാന്‍ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ജോജുവിന് അയച്ചുകൊടുത്തിരുന്നു.ജോജുവിനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസില്‍ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾ എത്ര ഉന്നതരായാലും അറസ്റ്റ് നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. അതെ സമയം ജോജുവിനെതിരായ മഹിള കോൺഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇതോടെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം സ്വന്തം നാട്ടില്‍ കാലു കുത്താന്‍ ജോജു ജോര്‍ജിനെ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ഈ സാഹചര്യത്തില്‍ നടന്റെ സ്വദേശമായ മാളയില്‍ ജോജു ജോര്‍ജിന് പൂര്‍ണ്ണ സംരക്ഷണം ഡിവൈഎഫ്‌ഐ മാള ബ്ലോക്ക് കമ്മറ്റി ഉറപ്പ് നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെയാണ് കൊച്ചി വൈറ്റില പാലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ധന വില വര്‍ധനവിനെതിരെ റോഡ് ഉപരോധിച്ചത്. ഇതുവഴി വന്ന നടന്‍ ജോജു ജോര്‍ജ്ജും പ്രവര്‍ത്തകരുമായും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണമോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് അറിയിച്ചത്. വാഹനം തകര്‍ത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തത്. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നില്ല. പരാതിയില്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് പറഞ്ഞിരുന്നത്. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ജോജു മദ്യപിച്ചിരുന്നുവെന്നും, എടീ പോടീ എന്ന് വിളിച്ചെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് പൊലീസിനൊപ്പം പോയ ജോജു ജോര്‍ജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിയുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

റോഡ് ഉപരോധനത്തിനിടെ വണ്ടികള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി വരികയായിരുന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്‌കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു ചോദിച്ചു. ഒടുവില്‍ ജോജുവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നീട് ജനങ്ങള്‍ രണ്ടായി തിരിഞ്ഞ് വാക്കേറ്റം രൂക്ഷമാകുകയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് ഒടുവില്‍ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്‍ന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു.പിന്നീട് സമരക്കാര്‍ ജോജുവിന്റെ വണ്ടി അടിച്ചു തകര്‍ക്കുകയായിരുന്നു. ഏറെ നേരം പണിപ്പെട്ട ശേഷം എസ്‌ഐ നേരിട്ട് സീറ്റില്‍ കയറി ഇരുന്നാണ് ജോജുവിന്റെ വാഹനം കടത്തി വിട്ടത്. അപ്പോഴേക്ക് വണ്ടിയുടെ പിന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്ത് വന്ന ജോജു ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചത്. താന്‍ ഒരു സ്ത്രീയെയും അസഭ്യം പറഞ്ഞിട്ടില്ലെന്നും എനിക്കൊരു മോകളും അമ്മയും പെങ്ങളുമുണ്ടെന്നും അവരെയൊക്കെ ഞാന്‍ പൊന്ന് പോലെയാണ് നോക്കുന്നതെന്നും ജോജു പറഞ്ഞു. തന്റെ പ്രതിഷേധം കോണ്‍ഗ്രസിനെതിരെയായിരുന്നില്ല. പ്രതിഷേധത്തിന് രാഷ്ട്രീയമില്ല. അവിടെ കൂടിയ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു തന്റെ പ്രതിഷേധമെന്നും അതിന് തിരിച്ച് തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ തെറി വിളിച്ചുവെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. അത് അടക്കം ചൂണ്ടിക്കാട്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയെന്നും ജോജു പറഞ്ഞു. ജോജുവിന്റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു. ജോജു മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജോജു നടത്തിയത് പട്ടി ഷോ ആണെന്നും, ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. മാര്‍ച്ച് പൊലീസ് തടഞ്ഞു. ജോജുവിന്റെ മാള വലിയ പറമ്പിലെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ജോജുവിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാരംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തി. സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍ മധുപാല്‍, എം പദ്മകുമാര്‍ എന്നിവവരും രാഷ്ട്രീയ നേതാക്കളും ജോജുവിന് പിന്തുണയുമായി രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ജോജുവിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. വഴി തടയല്‍ സമരങ്ങളൊക്കെ ജനാധിപത്യ സമരങ്ങളാണെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടക്കം അസഭ്യം പറയുകയും ചെയ്തുവെന്നും സുധാകരന്‍ വിമര്‍ശിച്ചു. എന്നാല്‍ വഴി തടയല്‍ സമരങ്ങള്‍ക്ക് താന്‍ പണ്ടും എതിരാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. ജോജുവിന്റെ വികാരം മനസ്സിലാക്കുന്നുവെന്ന് എറണാകുളം എംപി ഹൈബി ഈഡനും പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ജോജുവിന് പിന്തുണയും, വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Top