ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് എം ലിജുവും ഉന്നതനായ നേതാവും!!കടുത്ത ആരോപണവുമായി ഇല്ലിക്കല്‍ കുഞ്ഞുമോൻ .പാർട്ടിയിൽ നിന്നും അനിശ്ചിതകാലത്തേക്ക് പുറത്താക്കി കോൺഗ്രസ് !

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാനെ തോല്‍പ്പിച്ചത് എം ലിജുവും ഉന്നതനായ നേതാവും ചേര്‍ന്നാണെന്ന് ഇല്ലിക്കല്‍ കുഞ്ഞുമോൻ വീണ്ടും ആവർത്തിച്ചു .ഇതോടെ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അറിയിച്ചു. സസ്‌പെൻഷനിലിരിക്കെ പത്രസമ്മേളനം നടത്തിയത്‌ ഗുരുതര അച്ചടക്ക ലംഘനമാണെന്ന്‌ കണ്ടെത്തിയാണ്‌ നടപടി. ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ കെപിസിസി കുഞ്ഞുമോനെ ഒരു വർഷത്തേക്ക്‌ സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ആലപ്പുഴ നഗരസഭാ മുന്‍ ചെയര്‍മാനാണ് കോണ്‍ഗ്രസ് നേതാവായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍. ആലപ്പുഴ ഡിസിസി പ്രസിഡണ്ടായ എം ലിജുവിന് എതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇല്ലിക്കല്‍ കുഞ്ഞുമോന് എതിരെയുടെ അച്ചടക്ക നടപടി.

2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂര്‍ യുഡിഎഫ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ദലീമ ജോര്‍ജിനോട് ഷാനിമോള്‍ ഉസ്മാന്‍ തോല്‍വിയേറ്റുവാങ്ങി. നേരിയ വോട്ടുകള്‍ക്കായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരാജയം. തിരഞ്ഞെടുപ്പില്‍ ഷാനിമോളെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു ഉന്നതനായ നേതാവിനൊപ്പം ഡിസിസി അധ്യക്ഷനായിരുന്ന എം ലിജു ഗൂഢാലോചന നടത്തി എന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ എം ലിജുവും കോണ്‍ഗ്രസിന്റെ ഉന്നത നേതാവും ചേര്‍ന്ന് രഹസ്യ യോഗം ചേര്‍ന്നു എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി ഉറപ്പാക്കാന്‍ അരൂര്‍ മണ്ഡലത്തില്‍ വന്‍ തോതില്‍ പണം ഇറക്കി എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപിച്ചു. അരൂരിലെ തോല്‍വി രണ്ട് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ തലയില്‍ വെച്ച് കെട്ടി നേതൃത്വം തലയൂരുകയായിരുന്നു എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപിച്ചു.

അമ്പലപ്പുഴ മണ്ഡലത്തിലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എം ലിജുവിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച് ഇന്നലെ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണത്തില്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം ലിജുവിനെതിരെ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഗുരുതര ആരോപണങ്ങളുമായി വാര്‍ത്താ സമ്മേളനം വിളിച്ചത്. അതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയിരിക്കുന്നത്.

Top