ശിവസേന പണി തുടങ്ങി: അമിത് ഷാ ആരോപണ വിധേയനായ കേസ് പുനഃരന്വേഷിക്കുന്നു…!! ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നിലെ സത്യം പുറത്ത് വരും

അധികാരത്തിലേറി ആദ്യ നാളിൽതന്നെ ബിജെപിക്ക് മുട്ടൻ പണി നൽകിയിരിക്കുകയാണ് ശിവസേന. ബിജെപിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൈക്കൊണ്ട ഒരു പുനഃരന്വേഷണം. അമിത് ഷാ ആരോപണ വിധേയനായ ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ചാണ് പുനഃരന്വേഷണം നടത്തുക.

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആരോപണവിധേയനായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചു പുനരന്വേഷണത്തിന് സാധ്യത.  വിശദ അന്വേഷണമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചിപ്പിച്ചതിനു പിന്നാലെ എൻസിപി അധ്യക്ഷൻ ശരദ് പവാറും അതിനോടു യോജിച്ചു.

മരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ശേഷിക്കുന്നുണ്ടെന്നാണു വാർത്തകളിൽനിന്നു മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ അന്വേഷണങ്ങൾ അടക്കമുള്ള ‘ആയുധങ്ങളുമായി’ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിന്നാലെയുണ്ടെന്നിരിക്കെ, ലോയ കേസിൽ അന്വേഷണം പ്രഖ്യാപിച്ച് ബിജെപിക്കെതിരെ പ്രതിരോധം തീർക്കാനാണ് മഹാസഖ്യ സർക്കാരിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്‌പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

മരണകാരണം ഹൃദയാഘാതമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പല സംശയങ്ങളും തങ്ങൾക്കുണ്ടെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെ പുനരന്വേഷണത്തിനു വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതു സംബന്ധിച്ച ബോംബെ ലോയേഴ്സ് അസോസിയേഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

Top