ശബരിമല കയറിയ കനക ദുര്‍ഗയെ കാണാനില്ല!! എത്തിച്ച സ്ഥലം പറയാതെ പോലീസ്; പരാതിയുമായി ഭര്‍ത്താവ്

മഞ്ചേരി: മണ്ഡല കാലത്ത് ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ യുവതിയെ കാണാനില്ലെന്ന് പരാതി. കനത്ത പ്രതിഷേധത്തിനിടയിലും നടപ്പന്തലിന് അടുത്തുവരെ എത്തിയ രണ്ടുപേരില്‍ ഒരാളായ കനകദുര്‍ഗ(39)യേയാണു ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അങ്ങാടിപ്പുറം സ്വദേശിനിയാണ് ഇവര്‍.

തീര്‍ഥാടകരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് ശബരിമലയില്‍നിന്നു പോലീസ് മടക്കിയയച്ചെങ്കിലും യുവതി ഇനിയും വീട്ടിലെത്തിയില്ല. സന്നിധാനത്തിന് 1.25 കിലോമീറ്റര്‍ അടുത്തെത്തിയശേഷം മലയിറങ്ങേണ്ടിവരികയായിരുന്നു കനക ദുര്‍ഗ്ഗയ്ക്ക്. പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കിയതാണെന്ന ആരോപണവും ഉണ്ടായിരുന്നു.

കഴിഞ്ഞ 24-നു രാവിലെ ആറേകാലോടെ മലകയറിയ കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും നീലിമല പിന്നിട്ടതോടെയാണു മറ്റു തീര്‍ഥാടകരുടെ കണ്ണില്‍പ്പെട്ടത്. ശബരിമല ദര്‍ശനത്തിന് ഇരുവരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ തീര്‍ഥാടകര്‍ ശരണം വിളികളോടെ ഇവരെ തടഞ്ഞു. അപ്പാച്ചിമേട് മുതല്‍ മരക്കൂട്ടം വരെ 300 മീറ്റര്‍ ദൂരത്തിനിടെ അഞ്ചിടങ്ങളില്‍ പ്രതിരോധമുണ്ടായി.

ചന്ദ്രാനന്ദന്‍ റോഡ് പകുതി പിന്നിട്ടതോടെ പ്രതിഷേധക്കാരെ മറികടക്കാനാവാത്ത സ്ഥിതിയായി. തുടര്‍ന്ന് യുവതികളെ കസേരയിലിരുത്തി പോലീസും ദ്രുതകര്‍മസേനയും സ്ട്രൈക്കര്‍ ഫോഴ്സും നിലയുറപ്പിച്ചെങ്കിലും ഒരടിപോലും മുന്നോട്ടുപോകാനായില്ല. ഗത്യന്തരമില്ലാതെ, യുവതികളോടു മടങ്ങാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ ഡോളിയില്‍ പമ്പയിലെത്തിച്ചശേഷം പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെലിവിഷന്‍ ചാനലിലൂടെയാണു വീട്ടുകാര്‍ വിവരമറിഞ്ഞത്. സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് ഔദ്യോഗികാവശ്യത്തിന് എന്നു പറഞ്ഞാണു കഴിഞ്ഞ 21-നു വീട്ടില്‍നിന്ന് ഇറങ്ങിയത്. മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലെത്തി, മക്കളെ അവിടെയാക്കിയശേഷമാണു ശബരിമലയ്ക്കു പുറപ്പെട്ടത്.

കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി നിഷേധിച്ചു. സഹോദരിയെ പോലീസ് കാവലില്‍ മലപ്പുറം ജില്ലയിലെത്തിക്കാമെന്നും ഉറപ്പുനല്‍കി. എന്നാല്‍, ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് വിവരം ലഭിക്കാത്തതിനേത്തുടര്‍ന്ന് സഹോദരി രാജലക്ഷ്മിയും കഴിഞ്ഞ വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചു.

കനകദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുര്‍ഗയുടെ ബന്ധുക്കളുടെ ഫോണ്‍ കോള്‍ കോട്ടയം എസ്.പി. എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കനകദുര്‍ഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.

Top